കൊച്ചി: ഐ.എസ്.എല്‍ മൂന്നാം എഡിഷനില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് കന്നിജയം. ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട വീഴ്ത്തിയത്. 58-ാം മിനുട്ടില്‍ മൈക്കല്‍ ചോപ്രയാണ് സീസണിലെ ആദ്യ ഗോള്‍ നേടിയത്. ജയത്തോടെ പോയിന്റ് സമ്പാദ്യം നാലാക്കി ഉയര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തേക്കു കയറി.

സച്ചിന്‍ ടെണ്ടുല്‍ക്കറും ഭാര്യ അഞ്ജലിയും കളി കാണാനെത്തിയ, കൊച്ചിയിലെ നിറഞ്ഞു കവിഞ്ഞ ഗാലറിക്കു മുന്നില്‍ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സ് ആക്രമണം നയിക്കുകയായിരുന്നു. ആന്റോണിയോ ജര്‍മനു പകരം മുന്‍നിരയില്‍ ബെല്‍ഫോര്‍ട്ട് ഇടംനേടിയപ്പോള്‍ മലയാളി താരം മുഹമ്മദ് റാഫിയും പ്ലെയിങ് ഇലവനിലെത്തി. തുടക്കം മുതല്‍ ഇടവേളയില്ലാതെ ബ്ലാസ്റ്റേഴ്‌സ് ആഞ്ഞടിച്ചപ്പോള്‍ പ്രതിരോധത്തിലൂന്നുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല മുംബൈക്ക്. മൈക്കല്‍ ചോപ്രയുടെയും ബെല്‍ഫോര്‍ട്ടിന്റെയും റാഫിയുടെയും ഗോള്‍ശ്രമങ്ങള്‍ക്കു മുന്നില്‍ ദൗര്‍ഭാഗ്യവും ഡിഫന്‍സും ഗോള്‍കീപ്പറും വിലങ്ങായെങ്കിലും ആദ്യപകുതിയില്‍ സമ്പൂര്‍ണ ആധിപത്യം ഹോം ടീമിനായിരുന്നു.

58-ാം മിനുട്ടില്‍ മുഹമ്മദ് റാഫി കൂടി ഉള്‍പ്പെട്ട നീക്കത്തിനൊടുവിലാണ് മുംബൈ വലകുലുക്കിയത്. വലതുബോക്‌സില്‍ നിന്ന് റാഫി ഉയര്‍ത്തിവിട്ട പന്ത് നിയന്ത്രിച്ച ബെല്‍ഫോര്‍ട്ട് ഗ്രൗണ്ടര്‍ ഷോട്ടുതിര്‍ത്തു. ശക്തികുറഞ്ഞ ഷോട്ട് ചെന്നെത്തിയത് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ചോപ്രയുടെ കാലുകളില്‍. ഡൈവ് ചെയ്ത കീപ്പറെ കബളിപ്പിച്ച് വിദഗ്ധമായ പ്ലേസിങിലൂടെ ചോപ്ര ലക്ഷ്യം കണ്ടു.

ഗോള്‍ തിരിച്ചടിക്കാന്‍ മുംബൈ ആഞ്ഞു ശ്രമിച്ചെങ്കിലും ആരോണ്‍ ഹ്യൂസ് നയിച്ച ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കുലുങ്ങിയില്ല. 69-ാം മിനുട്ടില്‍ സോണി നോര്‍ദെ ഇടതുവിങിലൂടെ വെട്ടിച്ചുകയറി സമനില ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും ഹ്യൂസിന്റെ അവസരോചിത ഇടപെടല്‍ ആതിഥേയരുടെ രക്ഷക്കെത്തി. ചോപ്രക്ക് പകരക്കാരനായിറങ്ങിയ ജര്‍മന് പ്രത്യാക്രമണത്തില്‍ അവസരം ലഭിച്ചെങ്കിലും ഭാഗ്യം മുംബൈയുടെ കൂടെയായിരുന്നു.