കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ റിപ്പോര്‍ട്ടു തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കലക്ടര്‍, അസി. റിട്ടേണിങ് ഓഫീസര്‍, പ്രിസൈഡിങ് ഓഫീസര്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.

നേരത്തെ കണ്ണൂരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് നടത്തിയതായി കണ്ടെത്തിയിരുന്നു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌കൂളിലാണ് കള്ളവോട്ട് നടന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്. ഒരേ സ്ത്രീ രണ്ടു തവണ ബൂത്തിലെത്തി വോട്ടു ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനായി വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. കണ്ണൂരിലും കാസര്‍കോട്ടും വ്യാപകമായി കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.