X

ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിന് പന്തുരുട്ടാന്‍ ബ്രസീലും ക്രൊയേഷ്യയും

ദോഹ: എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിന് പന്തുരുളുമ്പോള്‍ ക്രൊയേഷ്യക്കെതിരെ വ്യക്തമായ സാധ്യത ബ്രസീലിന്. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയക്കെതിരെ ഗോള്‍വേട്ട നടത്തിയ ബ്രസീല്‍ മാരക ഫോമിലാണ്. ക്രൊയേഷ്യക്കാരാവട്ടെ നോക്കൗട്ടില്‍ ജപ്പാനെതിരെ ഷൂട്ടൗട്ട് രക്ഷ തേടിയെത്തിയവരും. രണ്ട് ശൈലികള്‍ തമ്മിലുള്ള അങ്കത്തില്‍ പ്രതിരോധ ജാഗ്രതയാണ് ക്രോട്ടുകാരുടെ കൈമുതല്‍.

ഖത്തറിലെത്തിയ ശേഷം സ്ലാറ്റ്‌കോ ഡാലിച്ചിന്റെ സംഘം തോറ്റിട്ടില്ല എന്നത് സവിശേഷതയാണ്. ബെല്‍ജിയം, കനഡ, മൊറോക്കോ എന്നിവരുടെ ഗ്രൂപ്പില്‍ നിന്നും രണ്ട് സമനിലയും ഒരു വിജയവും സ്വന്തമാക്കിയായിരുന്നു ക്രൊയേഷ്യയുടെ വരവ്. അവസാന പോരാട്ടത്തില്‍ ജപ്പാനെതിരെ ഒരു ഗോള്‍ ലീഡ് വഴങ്ങിയ ശേഷം തിരികെയെത്തി. ഷൂട്ടൗട്ട് മികവ് ക്വാര്‍ട്ടര്‍ ടിക്കറ്റും നല്‍കി. ലുക്കാ മോഡ്രിച്ച് എന്ന പോരാളിയാണ് ടീമിന്റെ ആത്മവിശ്വാസം. ലോകകപ്പില്‍ പതിവ് ഫോമില്‍ തന്നെയാണ് റയല്‍ മാഡ്രിഡ് താരം. നായകന്‍ എന്ന നിലയില്‍ നാല് വര്‍ഷം മുമ്പ് സ്വന്തം രാജ്യത്തിന് രണ്ടാം സ്ഥാനം സമ്മാനിക്കുകയും അതിന് ശേഷം യൂറോപ്യന്‍ ഫുട്‌ബോളിലെ നിരവധി വലിയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത മോഡ്രിച്ചിന്റെ ഇടപെടലുകള്‍ അപാരമാണ്. അവിശ്രമ പോരാളി. എപ്പോഴും എവിടെയും പന്തിനൊപ്പം. പക്ഷേ മാര്‍ക്കിഞ്ഞസ് ഉള്‍പ്പെടുന്ന ബ്രസീല്‍ ഡിഫന്‍സിനെ മറികടക്കല്‍ എളുപ്പമാവില്ല. ലോകകപ്പില്‍ അപ്രതീക്ഷിതമായി കാമറൂണിനോട് പരാജയപ്പെട്ടുവെങ്കില്‍ പോലും ബ്രസീല്‍ ഡിഫന്‍സ് കാര്യമായി ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറിനും ഇത് വരെ വെല്ലുവിളിയുണ്ടായിരുന്നില്ല.

കോച്ച് ടിറ്റേ ഇന്നലെ പരിശീലനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. ആത്മവിശ്വാസത്തിലാണ് അദ്ദേഹം. മുന്‍നിരയില്‍ വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍ എന്നിവര്‍ക്കൊപ്പം ആദ്യ ഇലവനിലെ മൂന്നാമന്‍ ആരായിരിക്കുമെന്ന ചോദ്യമുണ്ട്. കാസിമിറോയും ഫ്രെഡുമെല്ലാമുള്ള മധ്യനിരയുടെ ഭാവനാ സമ്പത്തും ടീമിന്റെ മുതല്‍ക്കൂട്ടാണ്. ആദ്യ പകുതിയില്‍ തന്നെ ഒന്നിലധികം ഗോളുകള്‍ നേടി ലീഡ് നേടുക എന്നതാണ് ടിറ്റേയുടെ പ്ലാന്‍. കൊറിയക്കെതിരായ മല്‍സരത്തില്‍ ഈ ടാക്റ്റിക്‌സ് ഫലപ്രദമായിരുന്നു.

രണ്ടാം പകുതിയില്‍ കൊറിയക്കാര്‍ തിരികെ വരാന്‍ ശ്രമിച്ചുവെങ്കിലും വലിയ ഗോള്‍ഭാരം അവരെ മാനസികമായി തളര്‍ത്തിയിരുന്നു. വിംഗുകള്‍ കയറി വന്നുള്ള ബ്രസീല്‍ ആക്രമണത്തെ ചെറുക്കാന്‍ 90 മിനുട്ട് ഊര്‍ജ്ജം മാത്രം പോര എന്നുള്ള സത്യം ലുക്കാ മോഡ്രിച്ച് അംഗീകരിക്കുന്നു. പക്ഷേ അദ്ദേഹം പറയുന്നത് പതിവ് ഫുട്‌ബോള്‍ തന്നെ കളിക്കുമെന്നാണ്. മത്സരം രാത്രി 8.30.ക്രൊയേഷ്യക്ക് ഇതുവരെ ബ്രസീലിനെ തോല്‍പിക്കാനായിട്ടില്ല. നാലു തവണ ഇരു ടീമുകളും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും ബ്രസീലിനായിരുന്നു വിജയം. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു.

web desk 3: