തിരുവനന്തപുരം: നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് സഹോദരന്‍ സത്യനാഥ്. കൊലപാതകത്തിന് സിനിമാമേഖലയുള്ളവര്‍ക്ക് പങ്കുള്ളതായി സത്യനാഥ് ആരോപിച്ചു. മരണം നടന്ന സമയത്ത് ശ്രീനാഥ് അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ തര്‍ക്കത്തെക്കുറിച്ച് അന്വേഷണം നടന്നില്ല. ഇത് ദുരൂഹമാണ്. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതും അന്വേഷിക്കപ്പെടേണ്ടതാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേസില്‍ പുനരന്വേഷണം ആവശ്യപ്പട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ശ്രീനാഥിന്റെ സഹോദരന്‍ പറഞ്ഞു.

മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശ്രീനാഥ് മരിച്ചത്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല. വ്യക്തിബന്ധമുണ്ടായിട്ടും മോഹന്‍ലാല്‍ പോലും വന്നില്ല. ശ്രീനാഥിന്റെ ശരീരത്തിലെ മുറിവുകളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയില്ലെന്നും സത്യനാഥ് പറഞ്ഞു.
ഞരമ്പു മുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ 2010 മെയിലാണ് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ജീവനൊടുക്കേണ്ട പ്രശ്‌നങ്ങളൊന്നും ശ്രീനാഥിനില്ലെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ മരണവുമായി ബന്ധപ്പെട്ട കേസ് ഫയല്‍ പോലും നിലവില്‍ കാണാനില്ലെന്നാണ് വിവരം. കോതമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കേസ് ഫയല്‍ അപ്രത്യക്ഷമായത്. കേസിന്റെ വിവരങ്ങള്‍ തേടി വിവരാവകാശപ്രകാരം അപേക്ഷ സമര്‍പ്പിച്ചവരോടാണ് പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.