Connect with us

kerala

ക്രൂരത; യൂനിവേഴ്‌സിറ്റി കോളേജിലെ ഇടിമുറിയില്‍ വെച്ച് ഭിന്നശേഷിക്കാരനായ എസ്.എഫ്.ഐ പ്രവര്‍ത്തകന് നേതാക്കളുടെ മര്‍ദനം

ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്.എഫ്.ഐ നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്.

Published

on

യൂനിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ക്രൂരമായ മര്‍ദനങ്ങള്‍ പുറത്തുവരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദിച്ചതാണ് ഇപ്പോഴത്തെ സംഭവം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഇടിമുറിയിലെ അതിക്രമങ്ങള്‍ പുറത്ത് വന്നതോടെ സിപിഎം ഇടപെട്ടെങ്കിലും ഇപ്പോഴും യൂനിവേഴ്‌സിറ്റി കോളേജില്‍ ഇത്തരം ക്രൂരതകള്‍ക്ക് കുറവില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്.എഫ്.ഐ നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്.

രണ്ട് കാലിലും വിരലുകളില്ലാത്ത ഇടത്തേക്കാലിന് സ്വാധീനം കുറവുള്ള, നടക്കുമ്പോള്‍ മുടന്തുള്ള വിദ്യാര്‍ഥിയാണ് അനസ്. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ അനസിനെ മര്‍ദിച്ചത്.

മര്‍ദനം അതിരു വിട്ടതോടെയാണ് അനസ് പൊലീസിനെ സമീപിച്ചത്. നാട്ടില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റംഗമാണ്. എസ്.എഫ്.ഐ.യുടെ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് യൂണിറ്റംഗവുമാണ് അനസ്. കാല്‍ വയ്യാത്ത അനസിനെ കോളേജിലെ യൂണിറ്റ് നേതാക്കള്‍ കൊടികെട്ടാനും മറ്റ് ജോലികള്‍ക്കും നിയോഗിക്കുമായിരുന്നു. പണം പിരിച്ച് നല്‍കുകയും വേണം. ഇതില്‍നിന്ന് ഒഴിഞ്ഞു മാറിയതോടെയാണ് യൂണിയന്‍ ഓഫീസില്‍ വിളിച്ചുവരുത്തി മര്‍ദനം തുടങ്ങിയത്.

ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തെങ്കിലും മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ. നേതാക്കള്‍ യൂണിയന്‍ ഓഫീസില്‍ തന്നെ കഴിയുന്നു. എസ്.എഫ്.ഐ നേതാക്കളെപ്പേടിച്ച് മര്‍ദനമേറ്റ മുഹമ്മദ് അനസ് ബുധനാഴ്ചയും കോളേജില്‍ പോയില്ല. മര്‍ദനത്തില്‍ തലയ്ക്കും ശരീരത്തിലും ക്ഷതമേറ്റിട്ടുമുണ്ട്.

പാര്‍ട്ടി ഒപ്പമുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നുമാണ് സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി, അനസിനോട് പറഞ്ഞത്. എന്നാല്‍ ഇതുവരെ സംഭവത്തില്‍ നടപടിയെടുക്കാന്‍ എസ്.എഫ്.ഐ. നേതൃത്വം തയ്യാറായിട്ടില്ല. പാര്‍ട്ടിയും എസ്.എഫ്.ഐ.യുമല്ല തങ്ങളാണ് കോളേജിനുള്ളിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് യൂണിറ്റ് നേതാക്കള്‍ അനസിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

പൊലീസ് കോളേജിലെത്തി തെളിവുകള്‍ ശേഖരിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. പരാതിയുടെ രൂക്ഷത മനസിലാക്കി പരാതി ലഭിച്ച ഉടന്‍ തന്നെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാനുള്ള ശക്തമായ ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്.

kerala

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും

പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും.

Published

on

താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടുമെന്ന് ഉത്തരവ്. മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലാണ് വാഹനങ്ങള്‍ കടത്തി വിടുന്നത് നിരോധിച്ചത്. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ല കലക്ടറുടെ യോഗത്തില്‍ തീരുമാനിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. റോഡിന് മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സിവില്‍ എഞ്ചിനിയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പാറയുടെ ഡ്രോണ്‍ പടങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു.

Continue Reading

kerala

മഴ തുടരുന്നു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

.കാസര്‍കോഡ്,കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം.കാസര്‍കോഡ്,കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്,വയനാട്,പത്തനംതിട്ട,കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച; 11.58 ലക്ഷം രൂപയുടെ നഷ്ടം

തിരുവനന്തപുരം ചിറയിന്‍കീഴ് ആളില്ലാതിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച.

Published

on

തിരുവനന്തപുരം ചിറയിന്‍കീഴ് ആളില്ലാതിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച. ചിറയിന്‍കീഴ് ഒറ്റപ്ലാമുക്ക് ഷാരോണ്‍ ഡെയിലില്‍ സുശീല സി.പെരേരയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 107 ഗ്രാം സ്വര്‍ണവും ഇന്ത്യന്‍, വിദേശ കറന്‍സികളും മോഷ്ടിക്കപ്പെട്ടു. മൊത്തം 11.58 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

മകളുടെ ഭര്‍ത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി സുശീല വീട്ടില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് മനസിലാക്കിയത്. വീടിനുള്ളിലെ ഷെല്‍ഫുകള്‍ തുറന്ന് അതിലെ സാധനങ്ങള്‍ എല്ലാം വാരിവലിച്ചിട്ടിരിക്കുകയായിരുന്നു.

അലമാരകളില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് നഷ്ടമായത്. മാല, വളകള്‍, കമ്മലുകള്‍, മോതിരം തുടങ്ങിയവയാണ് കവര്‍ന്നത്. ഇന്ത്യന്‍ രൂപ, സൗദി, യു.എ.ഇ കറന്‍സികള്‍, വിലയേറിയ വാച്ച് എന്നിവയും നഷ്ടമായിട്ടുണ്ട്. മരുമകന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായി മകള്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്നതാണ് പണം. ചിറയിന്‍കീഴ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending