കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്ത് അഗ്‌നിശമനസേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പത്തോളം  അഗ്‌നിശമന സേനയ യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. തീകെട്ടിടത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. തീപിടുത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കോട്ടയം നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റും, തുണിക്കടയും ലോഡ്ജും പ്രവര്‍ത്തിക്കുന്ന കണ്ടത്തില്‍ റസിഡന്‍സി എന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഏറ്റവും അടിയിലത്തെ നിലയിലുണ്ടായിരുന്ന സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. ഇതേ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തുണിക്കടയ്ക്ക് ഭാഗികമായ നാശങ്ങളെ ഉണ്ടായിട്ടുള്ളു.

ഏറ്റവും മുകളിലെ നിലയിലുണ്ടായിരുന്ന ലോഡ്ജില്‍ നിരവധി ആളുകളുണ്ടായിരുന്നു. പുലര്‍ച്ച തീയും പുകയും കണ്ടതിനെ തുടര്‍ന്ന് ഇവരെ എല്ലാവരേയും പുറത്തേക്കത്തെിക്കുകയായിരുന്നു.