X

മുന്നറിയിപ്പില്ലാതെ ബസ് പണി മുടക്ക്; ജീവനക്കാർക്കെതിരേ കേസെടുത്ത് പൊലീസ്‌

പരപ്പനങ്ങാടി: മഞ്ചേരി – പരപ്പനങ്ങാടി റൂട്ടിൽ മുന്നറിയിപ്പില്ലാതെ ബസുകൾ പണിമുടക്കിയ സ്വകാര്യബസ് ജീവനക്കാർക്ക് എതിരെ കേസെടുത്ത് പരപ്പനങ്ങാടി പോലീസ്.

താനൂർ പുതിയ കടപ്പുറം സ്വദേശി കണ്ണൂർകാരന്റെ പുരക്കൽ വീട്ടിൽ നസീബ് (39), വഴിക്കടവ് സ്വദേശി പുത്തൻപീടികയിൽ കോയക്കുട്ടി (35) എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും പരപ്പനങ്ങാടി- മഞ്ചേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന കുക്കുടൂസ് ബസിലെ ജീവനക്കാരാണ്.

ഡിസംബർ 15നാണ് പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കിയത്. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ലീഡർ എന്ന ബസ്സിലെ ജീവനക്കാരനായ മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് നടത്തിയത്.

പണിമുടക്ക് നടത്താൻ ആഹ്വാനം ചെയ്ത് കോയക്കുട്ടിയും നസീബും ബസ് ജീവനക്കാർക്കിടയിലും ബസ്സുടമകൾക്കിടയിലും സമൂഹത്തിലും മന:പൂർവ്വം ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടിയും പ്രൈവറ്റ് ബസ് വർക്കേഴ്സ്
വാട്സ്ആപ്പ് ഗ്രൂപ്പിലും മറ്റു വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചും ഡിസംബർ 15ന് പ്രതികൾ മനപ്പൂർവ്വം പ്രകോപനപരമായ വോയിസ് മെസ്സേജുകൾ അയച്ചു എന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

റൂട്ടിൽ മിന്നൽ പണിമുടക്ക് മൂലം വിദ്യാർത്ഥികളും യാത്രക്കാരും ഏറെ ദുരിതമനുഭവിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷാ സമയമായതിനാൽ തന്നെ സ്കൂളുകളിൽ എത്താനും ഏറെ ബുദ്ധിമുട്ടിയിരുന്നു

webdesk14: