X

സി. പി. എം മുന്‍മന്ത്രിമാര്‍ക്കെരെ ഉന്നയിച്ച ആരോപണങ്ങള്‍ എന്തുകൊണ്ട് വാര്‍ത്തയാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്‌

കൊച്ചി; പ്രമുഖ സി.പി.എം നേതാക്കളായ രണ്ട് മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കും എതിരായ സ്വപ്‌നയുടെ ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെയും മറ്റു മന്ത്രിമാര്‍ക്കെതിരെയും സ്വപ്ന ഉന്നയിച്ചിരിക്കുന്നത്.

സ്‌പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് വിദേശ കമ്പനികളുമായി വിലപേശി കമ്മീഷന്‍ കൈപ്പറ്റുന്നതിന് വേണ്ടിയാണെന്നാണ് ഒരു ആരോപണം. സ്വപ്‌ന ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ മൊഴിയായി നല്‍കിയിട്ടു പോലും അന്വേഷണത്തിന് ഇ.ഡി തയാറായിട്ടില്ല. ഇപ്പോള്‍ ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് സ്വപ്‌ന ഉന്നയിച്ചിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷിക്കുന്നതാണ് കേരളത്തിന്റെ ചരിത്രം. എന്നാല്‍ ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണയാണ് അന്വേഷണം തുടരാത്തതിന്റെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.എം നേതാക്കള്‍ കുറ്റവാളികളാണെന്ന് ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍ ആരോപണവിധേയരായ സി.പി.എം നേതാക്കള്‍ക്ക് അവരുടെ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്ന് സൂചിപ്പിച്ചു. ആരോപണം വന്നാല്‍ അന്വേഷിക്കണമെന്നും അതിന് സര്‍ക്കാരും പൊലീസും തയാറാകണമെന്നും ആവശ്യപ്പെട്ടു.

എല്‍ദോസ് കുന്നപ്പള്ളിക്കെതിരെയുള്ള ആരോപണം വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വാര്‍ത്ത മാറ്റിയതെന്ന് ചോദിച്ചു. സി.പി.എമ്മിലെ മൂന്ന് പ്രമുഖര്‍ക്കെതിരെയാണ് സ്വപ്‌ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ വാര്‍ത്ത ഒരു മാധ്യമങ്ങളും മൂടിവയ്ക്കാന്‍ ശ്രമിക്കേണ്ട. ഇതും ഒരു സ്ത്രീയുടെ പരാതിയാണ്. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയപ്പോള്‍ ഞങ്ങള്‍ ആ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് പോകാതെ സ്ത്രീയുടെ പരാതിയില്‍ പരിശോധിച്ച് നടപടി എടുക്കുമെന്നാണെമെന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കി.

കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മില്‍ ധാരണയുള്ളതു കൊണ്ടാണ് ലാവലിന്‍ കേസ് മുപ്പത്തിമൂന്നാം തവണയും മാറ്റിവച്ചതെന്ന് ആരോപിച്ചു. കേസെടുത്ത് മുന്നോട്ട് പോയാല്‍ കേരളത്തിലെ സി.പി.എം തകരുമെന്ന് ബി.ജെ.പി നേതൃത്വത്തിന് അറിയാം. വേറെ ഏതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നടപടി എടുത്തേനെ എന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്കെതിരെ കാമ്പയിന്‍ കൊണ്ടു മാത്രം കാര്യമില്ലെന്നും എക്‌സൈസും പൊലീസും അഞ്ചും പത്തും ഗ്രാം ലഹരി മരുന്നുമായി നടക്കുന്ന കാരിയേഴ്‌സിനെ പിടികൂടുന്നതിന് പകരം മയക്ക് മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നവരെ കണ്ടെത്തമെന്ന് പറഞ്ഞു. സി.പി.എമ്മിന്റെ പല പ്രാദേശിക ഘടകങ്ങളും ലഹരി ഗുണ്ടാ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുയാണ്. പൊലീസ് അടുത്ത വീട്ടിലെ സ്വര്‍ണ മോഷണം, മാങ്ങാ മോഷണം, പരാതിക്കാരനെ തല്ലി കേസെടുക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍പ്പെട്ടിരിക്കുകയാണ്. എല്ലാം പാര്‍ട്ടിക്ക് വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് പൊലീസിന്റെ ഈ തകര്‍ച്ചയ്ക്ക് കാരണം. ചരിത്രത്തില്‍ പോലും ഇല്ലാത്തതരത്തിലുള്ള അപമാനകരമായ അവസ്ഥയിലാണ് കേരള പോലീസ്. തുടങ്ങിയ സര്‍ക്കാരിന്റെ വീഴ്ചകളും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.

web desk 3: