തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ ദുരുഹത ഉണ്ടെന്നും ഇതെക്കുറിച്ച് എജി അന്വേഷിക്കണമെന്നും എം. വിന്‍സെന്റ് എം.എല്‍.എ. സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമിതിയുടെ കണ്‍സള്‍ട്ടന്റായി ഒരു മാധ്യമത്തില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ ലേഖനം എഴുതിയ ആര്‍ തുളസീധരനെ നിയോഗിച്ചതില്‍ ദുരൂഹതയുണ്ടെന്ന് എം. വിന്‍സെന്റ് ആരോപിച്ചു.

കണ്‍സള്‍ട്ടന്റായി ആര്‍ തുളസീധരന്‍ എട്ടുദിവസം ജോലിചെയ്തു. പിന്നീട് ഇക്കാര്യം പുറത്തുവന്നതോടെ അദ്ദേഹത്തെ കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്നും ഔദ്യോഗികമായി നീക്കം ചെയ്തിരുന്നു. ഇദ്ദേഹം ലേഖനത്തിലൂടെ ആരോപിച്ച പലതും സി.എ.ജി റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. അതുപോലെ സി.എ.ജി റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങള്‍, റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് മുമ്പ് തന്നെ നിയമസഭയില്‍ സബ്മിഷനായി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അവതരിപ്പിച്ചു. സബ്മിഷന്‍ അവതരിപ്പിക്കുന്ന സമയത്തും ആര്‍. തുളസീധരന്‍ നിയമസഭ മന്ദിരത്തില്‍ ഉണ്ടായിരുന്നു. ഇതെ കുറിച്ചെല്ലാം എ.ജി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇല്ലാത്ത കുളച്ചല്‍ തുറമുഖവുമായി സാമ്യപ്പെടുത്തിയാണ് എ.ജിയുടെ റിപ്പോര്‍ട്ട് എന്നതും വിരോധാഭാസമാണ്. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കം ഇപ്പോഴും അണിയറയില്‍ നടക്കുകയാണ്. ഒട്ടേറെ തടസ്സങ്ങളുണ്ടായിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയെ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍വരെ എത്തിച്ചത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ്. പദ്ധതി നടപ്പാക്കാന്‍ ആറുമാസം കൂടി വൈകിയിരുന്നുവെങ്കില്‍ എന്നന്നേക്കുമായി പദ്ധതി കേരളത്തിന് നഷ്ടമാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.