മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടില്‍ ഭാവി തന്നെ അനിശ്ചിതത്വത്തിലായി വിദ്യാര്‍ത്ഥികള്‍. യൂണിവേഴ്‌സിറ്റിയില്‍ 2018- 2021 വര്‍ഷത്തെ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ പൂര്‍ത്തിയാകാത്തതിനാല്‍ തുടര്‍പഠനം തന്നെ വഴിമുട്ടിയിരിക്കുന്നത്. നേരത്തെ റെഗുലര്‍ പരീക്ഷ നടന്ന സമയത്ത് കോവിഡ് പ്രതിസന്ധി കാരണം പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്‌സിറ്റിയുടെ നടപടികളില്‍ പ്രയാസപ്പെടുന്നത്. ബാച്ചിലെ മറ്റു വിദ്യാര്‍ത്ഥികളുടെ പരീക്ഷ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കുകയും അവര്‍ തുടര്‍പഠനത്തിനായി ഒരുങ്ങുകയും ചെയ്യുമ്പോഴും പരീക്ഷ എന്ന് നടക്കുമെന്ന് പോലും അറിയാത്തവരാണ് ഈ വിദ്യാര്‍ത്ഥികള്‍.

പി.ജി, ബി.എഡ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അനുകൂല മറുപടിയൊന്നും ലഭിക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. നേരത്തെ കോവിഡ് ബാധിതരായതിനാല്‍ പി. പി. ഇ കിറ്റ് ധരിച്ചു പ്രത്യേക മുറിയില്‍ ഇരുന്ന് പരീക്ഷ എഴുതാന്‍ ഞങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും അനുവാദം നല്‍കിയിരുന്നില്ല. ഇങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് തടസ്സം വരാത്ത രീതിയില്‍പ്രത്യേക പരീക്ഷ നടത്തും എന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ തള്ളിക്കളയുകയാണ് സര്‍വകലാശാല. ഫലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് സര്‍വകലാശാല ചെയ്യുന്നത്. പല പി.ജി അഡ്മിഷനും 15,18,21 എന്നീ തീയതികളില്‍ അവസാനിപ്പിക്കാന്‍ പോവുകയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ തന്നെ ബി.എഡ് പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള അവസാന തീയതി 21 ആണ്. കേരള യൂണിവേഴ്‌സിറ്റിയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതിയതിന്റെ ഫലം ലഭ്യമാകണമെങ്കില്‍ ഇന്ന് തന്നെ മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സ്വയംഭരണ കോളജുകളില്‍ അപേക്ഷ നല്‍കേണ്ട ആവസാന തീയതി 18 ആണ്. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാനുള്ള തീയതിയും 15ാം തീയതിയോടെ അവസാനിക്കും. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിങ് ടെക്‌നോളജി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട് പോലും മാര്‍ക്ക് ലിസ്റ്റ് ലഭ്യമല്ലാത്തതിനാല്‍ പല വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.

വിവിധയിടങ്ങളില്‍ പ്രവേശന നടപടികള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കെ ബന്ധപ്പെട്ടവരുടെ തെറ്റായ നടപടിമൂലം പ്രയാസപ്പെടുന്നത് വിദ്യാര്‍ത്ഥികളാണ്. പരീക്ഷ കഴിഞ്ഞു റിസള്‍ട്ട് വരുമ്പോഴേക്കും ഉപരിപഠനത്തിന്റെ എല്ലാ വാതിലുകളും അടക്കപ്പെടുമെന്ന ഭീതിയിലാണ് വിദ്യാര്‍ത്ഥികള്‍. പ്രത്യേക പരീക്ഷകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ഈ അക്കാദമിക് വര്‍ഷം തന്നെ തുടര്‍പഠനം സാധ്യമാക്കുന്ന വിധത്തില്‍ ഗ്രേഡ് കാര്‍ഡ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അല്ലാത്ത പക്ഷം ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലെങ്കിലും ഇത് പൂര്‍ത്തീകരിച്ച് ഈ വര്‍ഷം തന്നെ ഞങ്ങളുടെ ഉപരിപഠനം സാധ്യമാക്കാനുള്ള നടപടികള്‍ യൂണിവേഴ്‌സിറ്റി സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.