ലണ്ടന്‍: ഇസ്രാഈല്‍ വിരുദ്ധ ബഹിഷ്‌കരണ പ്രസ്ഥാനത്തിന്റെ യോഗം തടയുമെന്ന് കാംബ്രിഡ്ജ് സര്‍വകലാശാല അധികാരികള്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

ലോക വ്യാപകമായി ഇസ്രാഈലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ യോഗത്തിന് ഫലസ്തീന്‍ പ്രവര്‍ത്തകയും സ്‌കൂള്‍ ഓഫ് ആഫ്രിക്കന്‍ ആന്റ് ഓറിയന്റ് സ്റ്റഡീസ് ഗവേഷകയുമായി റുബയ്യ സ്വാലിഹ് അധ്യക്ഷതവഹിക്കാന്‍ പാടില്ലെന്ന് യൂനിവേഴ്‌സിറ്റി അധികൃതര്‍ സംഘാടകരെ അറിയിക്കുകയായിരുന്നു. സ്വാലിഹിന്റെ നിഷ്പക്ഷതയില്‍ സംശയമുള്ളതുകൊണ്ട് അവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം തടയുമെന്നായിരുന്നു കാംബ്രിഡ്ജ് അധികാരികളുടെ ഭീഷണി. തുടര്‍ന്ന് യോഗം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് റുബയ്യ സ്വാലിഹിന്റെ പ്രസംഗം റദ്ദാക്കേണ്ടിവന്നു. ബ്രിട്ടനിലെ കാമ്പസുകളില്‍ ഇസ്രാഈലിനെ വിമര്‍ശിക്കുന്നവര്‍ക്ക് നേരിടേണ്ടിവരുന്ന എതിര്‍പ്പാണ് സംഭവം വ്യക്തമാക്കുന്നതെന്ന് ഫലസ്തീന്‍ പ്രവര്‍ത്തകര്‍ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് കാംബ്രിഡ്ജ് അധികാരികളുടെ നടപടിയെന്ന് സംഘാടകരില്‍ ഒരാളായ എഡ് മക്‌നള്ളി പറഞ്ഞു. ഇസ്രാഈല്‍ അനുകൂല ലോബിയുടെ സമ്മര്‍ദ്ദത്തിന് തലകുനിക്കുകയാണ് സര്‍വകലാശാലയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വാലിഹിനെ തടഞ്ഞതിനെ അപലപിച്ച് എഴുതിയ കത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും ഒപ്പുവെച്ചിട്ടുണ്ട്.