X

മുതലാളിത്ത വികസന സമീപനം വിനാശത്തിന്-കെ. കുട്ടി അഹമ്മദ് കുട്ടി

പരിസ്ഥിതിദിനമായി ജൂണ്‍ 5 ലോകമാകെ ആചരിക്കാന്‍ തീരുമാനിക്കപ്പെട്ടത് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ സ്റ്റോക്ക്‌ഹോമില്‍ 1972ല്‍ ചേര്‍ന്ന പരിസ്ഥിതി കോണ്‍ഗ്രസില്‍ വെച്ചാണ്. ആ സമ്മേളനത്തിന്റെ അമ്പതാം വാര്‍ഷികമാണിപ്പോള്‍. ഈ പരിസ്ഥിതി ദിനത്തിന്റെ ചിന്താവിഷയം ഒരേ ഒരു ഭൂമിയെന്നതാണ്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സ്റ്റോക്ക് ഹോം സമ്മേളനത്തിന്റെയും വിഷയം ഒരേ ഒരു ഭൂമി എന്നു തന്നെയായിരുന്നു. ഭൂമിയുടെ നിലനില്‍പ്പ്തന്നെ അപകടത്തിലാണെന്ന വസ്തുത മനുഷ്യ സമൂഹത്തിന്റെ മുമ്പില്‍ വന്നതിനാലാണ് ഈ വിഷയം പരിസ്ഥിതി ദിനത്തിന്റെ ആലോചനാ വിഷയമായി തിരഞ്ഞെടുത്തത്. ഹരിത ഗൃഹ വാതകങ്ങളുടെ ആധിക്യം, കാടിന്റെ വിസ്തൃതി കുറയല്‍, മാലിന്യവത്കരണം എല്ലാം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. അപരിമേയ വികസനം ഭൂമിക്ക് താങ്ങാവുന്നതല്ല എന്നു വിവരമുള്ളവര്‍ പണ്ടേ മുന്നറിയിപ്പു നല്‍കിയതാണ്. അത് ചെവിക്കൊള്ളാന്‍ രാജ്യങ്ങളിലെ ഭരണ കൂടങ്ങള്‍ തയ്യാറാവുന്നില്ല. പ്രകൃതിയെ കീഴടക്കാനും ഭൂമിയിലെ വിഭവങ്ങളെല്ലാം ഉപയോഗിച്ചു തീര്‍ക്കാനുമുള്ള ശ്രമങ്ങളാണ്. ഭൂമി ഒരു വിഭവത്തിന്റെയും അക്ഷയ ഖനിയല്ല. ശുദ്ധ ജലം, ഭക്ഷ്യവിഭവങ്ങള്‍, ഫോറന്‍സിക് ഇന്ധനങ്ങള്‍, കല്‍ക്കരി ധാതു വിഭവങ്ങള്‍ എല്ലാം ഉപയോഗത്തിനനുസരിച്ച് കുറഞ്ഞുവരും, ഇല്ലാതായിക്കൊണ്ടിരിക്കും. ജൈവവൈവിധ്യങ്ങളുടെ നാശവും പ്രകൃതിക്കേല്‍ക്കുന്ന ആഘാതമാണ്. വ്യവസായ വിപ്ലവത്തെത്തുടര്‍ന്ന് മനുഷ്യന്‍ വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയിലെ വിഭവങ്ങളുടെ അമിതോപയോഗത്തിനും കാരണമാകുന്നു.

ഇന്നത്തെ മുതലാളിത്ത വികസന സമീപനം വിനാശത്തിലേക്കാണ് നയിക്കുന്നത്. പ്രകൃതിയെ വിനാശത്തിലേക്ക് നയിക്കുന്ന വികസനത്തെ എതിര്‍ത്താല്‍ കേരളത്തിലെ സര്‍ക്കാര്‍ അവരെ വികസന വിരുദ്ധര്‍ എന്നാണ് വിളിക്കുന്നത്. ലോകത്തിലെ എല്ലാ മുതലാളിത്ത ഭരണകൂടങ്ങളുടേയും സമീപനം ഇതുതന്നെയാണ്. പ്രകൃതിക്കുണ്ടാകുന്ന നാശവും മറ്റും വകവെക്കാതെ മനുഷ്യര്‍ പരിസ്ഥിതി നശീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുനീങ്ങുമ്പോള്‍ കാലാവസ്ഥാവ്യതിയാനങ്ങളും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് ലോകം മുഴുവന്‍ സാക്ഷിയാകേണ്ടിവരുന്നു. ഏതെല്ലാം രാജ്യങ്ങളില്‍ എന്തെല്ലാം പ്രകൃതി ദുരന്തങ്ങളാണുണ്ടായത്. കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി നശീകരണവും മനുഷ്യരുടെ പ്രവര്‍ത്തനഫലമായുണ്ടായതല്ലേ. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കണക്കിലെടുക്കുമ്പോള്‍ കാലാവസ്ഥാവ്യതിയാനം എന്നല്ല പറയേണ്ടത്. കാലാവസ്ഥാപ്രതിസന്ധിയെന്നു പറയേണ്ടിവരും. ഗൗരവമായി കണക്കിലെടുക്കേണ്ട ഈ രൂക്ഷമായ പ്രതിസന്ധിയെ നേരിടാന്‍ രാഷ്ട്രീയ ഭരണകൂടങ്ങളൊന്നും തയ്യാറാകുന്നില്ല. ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമെറ്റ് ചെയ്ഞ്ച് (ഐ.പി.സി.സി) 2021 ആഗസ്റ്റ് 9ന് പ്രസിദ്ധീകരിച്ച ആറാമത് അസസ്‌മെന്റ് റിപ്പോര്‍ട്ടിലെ സുപ്രധാന മുന്നറയിപ്പുകള്‍ എല്ലാവരേയും പേടിപ്പെടുത്തുന്നതാണ്. കാലാവസ്ഥയെക്കുറിച്ചുള്ള ആധികാരികമായി വിലയിരുത്താനും പറയാനുമുള്ള സമിതിയാണ്.

അടുത്ത രണ്ടു ദശകത്തിനുള്ളില്‍ ആഗോളതാപന വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസിനെ മറികടക്കും. ഹരിത ഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ ഇന്നത്തെ രീതിയില്‍ തുടരുകയാണെങ്കില്‍ 2100ന്റെ മധ്യത്തോടെ ആഗോള താപനിലയിലെ വര്‍ധനവ് 2 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരും. താപനിലയിലെ 1 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവ് അതി തീവ്ര മഴ പെയ്ത്തില്‍ 2 ശതമാന വര്‍ധനവ് സൃഷ്ടിക്കും. കഴിഞ്ഞ രണ്ടു ദശലക്ഷം വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 3000 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന സമുദ്രോപരിതല വര്‍ധനവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞിന്റെ അളവില്‍ കഴിഞ്ഞ 1000 വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ അളവ് രേഖപ്പെടുത്തപ്പെട്ടു. ചില മാറ്റങ്ങളെ അടുത്ത 1000 വര്‍ഷത്തേക്കെങ്കിലും തിരിച്ചുപിടിക്കാന്‍ കഴിയില്ല. സമുദ്രതാപനം 1970 കാലയളവിനേക്കാള്‍ 2 മുതല്‍ 8 മടങ്ങുവരെ രേഖപ്പെടുത്തപ്പെട്ടു. ഇതൊക്കെ കാണിക്കുന്നത് ഭൂമിയുടെ ആയുസ് എണ്ണപ്പെട്ടു എന്നതു തന്നെയാണ്. ലോകം ഒന്നാകെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തിയില്ലെങ്കില്‍ അപകടം തന്നെയായിരിക്കും കാത്തിരിക്കുന്നത്.

മുസ്‌ലിം ലീഗിന്റെ പരിസ്ഥിതി സമിതി നാലാം തിയ്യതി പരിസ്ഥിതി ചിന്തകള്‍ പങ്കുവെച്ചു. കെ റെയില്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് സി.ആര്‍. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ പ്രാദേശിക ഘടകങ്ങള്‍ക്കും പോഷക സംഘടനകള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനായി നടത്തേണ്ട ചമുതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സംസ്ഥാനതല നേതൃത്വം നിര്‍ദ്ദേശം നല്‍കി.

Chandrika Web: