ന്യൂഡല്‍ഹി: കാവേരി ബോര്‍ഡ് ചൊവ്വാഴ്ച രൂപീകരിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് ചൊവ്വാഴ്ചയ്ക്കകം രൂപീകരിക്കണമെന്ന ഉത്തരവ് പരിഷ്‌കിക്കണമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇടക്കാല ഹര്‍ജി ജസ്റ്റിസുമാരായ ദീപക് മിശ്ര, സി.നാഗപ്പന്‍ എന്നിവരടങ്ങുന്ന ബഞ്ച് ഇന്ന് പരിഗണിക്കും.

സെപ്തംബര്‍ 30നാണ് നാലാഴ്ചയ്ക്കകം ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാറില്‍ നിന്ന് കോടതി വിശദീകരണം തേടിയിട്ടുണ്ട്. അന്തര്‍സംസ്ഥാന തര്‍ക്കത്തില്‍ പാര്‍ലമെന്ററി നിയമപ്രകാരം ഒരു ട്രൈബ്യൂണ്ല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ അതില്‍ പിന്നീട് സുപ്രീംകോടതിക്ക് ഇടപെടാനാവില്ല എന്നാണ് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി വാദിച്ചത്. ഉത്തരവില്‍ കേന്ദ്രത്തിന്റേത് ഒരു നിര്‍ദേശം മാത്രമായിരുന്നു. അത് കേന്ദ്രത്തിന് അംഗീകരിക്കുയോ വേണ്ടെന്നു വെക്കുകയോ ചെയ്യാം- അദ്ദേഹം പറഞ്ഞു.

വാദത്തിനിടെ, കാവേരില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കിയോ എന്ന് ജസ്റ്റിസ് മിശ്ര ആരാഞ്ഞു. കര്‍ണാടകയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നഫാഡെ ഇല്ല എന്നു മറുപടി നല്‍കിയപ്പോള്‍ രൂക്ഷമായാണ് അതോട് കോടതി പ്രതികരിച്ചത്. ‘നിങ്ങളുടെ ഭാഗത്ത് നിന്ന് അനുസരണയില്ല. എന്നിട്ട്് നിങ്ങള്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്യുന്നു. അനുസരണ കാണിക്കണം’ ബഞ്ച് പറഞ്ഞു. നേരത്തെ, ഒക്ടോബര്‍ ഒന്നു മുതല്‍ ആറു വരെ ദിനംപ്രതി ആറായിരം ക്യുസെക്‌സ് വെള്ളം വിട്ടുനല്‍കണെന്നും സെപ്തംബര്‍ 30ലെ വിധിയില്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാക്കാനാവില്ലെന്ന് കര്‍ണാക കോടതിയെ അറിയിക്കുകയും അതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അതിനിടെ, കേന്ദ്രനിലപാടിനെതിരെ തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തെത്തി. ഉത്തരവ് പരിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ കേന്ദ്രം തമിഴ്‌നാടിനെ വഞ്ചിക്കുകയാണെന്ന് പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. 2018ലെ സംസ്ഥാന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കേന്ദ്രനീക്കമെന്ന് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയും പ്രതിപക്ഷമായ ഡി.എം.കെയും കുറ്റപ്പെടുത്തി. ബോര്‍ഡ് രൂപീകരിക്കാമെന്ന് നേരത്തെ നല്‍കിയ ഉറപ്പില്‍ നിന്ന് കേന്ദ്രം എന്തുകൊണ്ടാണ് പിന്മാറിയത് എന്നു മനസ്സിലാകുന്നില്ലെന്ന് അണ്ണാ ഡി.എം.കെ നേതാവ് സി.ആര്‍ സരസ്വതി പറഞ്ഞു. വിഷയത്തില്‍ കര്‍ണാടക എന്നും വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അതെന്തിന് ഇപ്പോള്‍ കേന്ദ്രം ചെയ്യുന്നുവെന്നും അവര്‍ ചോദിച്ചു. ഇത് ജനങ്ങളുടെ വിഷയമാണ്. അതില്‍ രാഷ്ട്രീയത്തിന് എന്താണ് സ്ഥആനം. കോണ്‍ഗ്രസും ബി.ജെ.പിയും തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ബോധവാന്മരല്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നീതി ന്യായസംവിധാനത്തെ അവമതിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ഡി.എം.കെ പ്രസിഡണ്ട് കരുണാനിധി പറഞ്ഞു. വീണ്ടും ഹര്‍ജി നല്‍കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനെ വഞ്ചിച്ചിരിക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണം. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കേന്ദ്രത്തിന്റെ കളിയെന്നും അദ്ദേഹം ആരോപിച്ചു. വിധി പാലിക്കാത്തതിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനയെ അപഹസിച്ചിരിക്കുകയാണ് ചെയ്തതെന്ന് എം.ഡി.എം.കെ നേതാവ് വൈക്കോ പറഞ്ഞു. സി.പി.ഐ(എം), വി.കെ.സി, കോണ്‍ഗ്രസ് പാര്‍ട്ടികളും കേന്ദ്രനീക്കത്തെ അപലപിച്ചു.