Connect with us

Article

സി.ബിഐ ക്ലീന്‍ചീറ്റ്, പിണറായിക്കുള്ള കുറ്റപത്രം- എഡിറ്റോറിയല്‍

ഉമ്മന്‍ചാണ്ടിയും സഹപ്രവര്‍ത്തകരും സി.ബി.ഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അഗ്നിശുദ്ധിവരുത്തി ശിരസുയര്‍ത്തിനില്‍ക്കുമ്പോള്‍ സാമാന്യ നീതിയെ വലിച്ചുകീറി എന്തുവിലകൊടുത്തും പ്രതിയോഗികളെ സമൂഹത്തിനുമുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പിണറായിയും കൂട്ടരും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.

Published

on

സോളാര്‍ പീഡനക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സി.ബി.ഐ നല്‍കിയ ക്ലീന്‍ചീറ്റ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുള്ള കുറ്റപത്രമാണ്. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഏതു നീചവൃത്തിക്കും മടിക്കില്ലെന്ന നെറികെട്ട സമീപനത്തിന് കാലം നല്‍കിയ ഈ തിരിച്ചടി, എതിരാളികളെ ഒതുക്കാനുപയോഗിക്കുന്ന അതേ തന്ത്രം സ്വന്തം പാര്‍ട്ടിയിലും പ്രയോഗിക്കപ്പെട്ടു എന്ന ആരോപണമുയരുന്ന ഘട്ടത്തില്‍ തന്നെയാണുണ്ടായിരിക്കുന്നത് എന്ന യാദൃശ്ചികതയും ഇവിടെ നിലനില്‍ക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിട്ടപ്പോഴാണ് സകല രാഷ്ട്രീയമര്യാദകളും കാറ്റില്‍ പറത്തപ്പെട്ട സേളാര്‍കേസിനാധാരമായ സംഭവങ്ങള്‍ക്ക് തുടക്കമിടുന്നത്. മുഖ്യമന്ത്രിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ സരിത എസ്. നായര്‍ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയപ്പോള്‍ തന്നെ അതിനോട് സി.പി.എം സ്വീകരിച്ച നിലപാട് സംശയകരവും ഒരു വന്‍ഗൂഢാലോചനയുടെ പിന്നാമ്പുറങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതുമായിരുന്നു. എന്നാല്‍ അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളുമുണ്ടായിട്ടും പ്രതിപക്ഷം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും പ്രഖ്യാപിക്കാന്‍ തയാറാണെന്ന സ്ഫടികസമാനമായ നിലപാടുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിലയുറപ്പിച്ചപ്പോള്‍ തന്നെ സാംസ്‌കാരിക കേരളത്തിന് സംഗതിയുടെ കിടപ്പുവശം ബോധ്യമായിരുന്നു.

തന്റെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ കമ്മീഷനു മുന്നില്‍ യാതൊരു സങ്കോചവും കൂടാതെ മണിക്കൂറുകളോളം ചിലവഴിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയകേരളത്തെ അമ്പരപ്പിച്ചുകളയുകയായിരുന്നു. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്‍ എന്ന നിലയില്‍, ഉമ്മന്‍ചാണ്ടി സരിതയുടെ തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നുവെന്നും സരിതയുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ പേര്‍ക്കെതിരെയും കേസ് രജിസറ്റര്‍ ചെയ്യാമെന്നുമുള്ള ഉള്ളടക്കമാണ് ജസ്റ്റിസ് ശിവരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് നിയമസഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടംവലം നോക്കാതെയുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണം ത്വരിതഗതിയില്‍ മുന്നോട്ടുപോവുകയും ചെയ്‌തെങ്കിലും കേസ് നിലനില്‍ക്കില്ലെന്ന നിഗമനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്.

ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും സംഭവദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍പോലും ഇല്ലെന്നുമായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. ഒടുവില്‍ സി.ബി.ഐ അന്വേഷണം ആവശ്യവുമായി പരാതിക്കാരി രംഗത്തെത്തിയപ്പോള്‍ അതു വകവെച്ചുകൊടുക്കുന്നതിലും ഇടതു സര്‍ക്കാറിന്റെ അത്യാവേശം പ്രകടമായിരുന്നു. അരിയില്‍ ഷുക്കൂര്‍ വധം, പെരിയ ഇരട്ടക്കൊലപാതകം തുടങ്ങിയ കേസുകളില്‍ സി.ബി.ഐ വരാതിരിക്കാന്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച അതേ സര്‍ക്കാറാണ് സോളാര്‍ കേസില്‍ സി.ബി.ഐ യെ ക്ഷണിച്ചുവരുത്തിയത്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെയും ക്രൈംബ്രാഞ്ചിന്റെയും റിപ്പോര്‍ട്ടുകള്‍ക്ക് പുല്ലു വിലകല്‍പ്പിച്ച് പ്രഖ്യാപിക്കപ്പെട്ട സി.ബി.ഐ അന്വേഷണത്തിന്റെയും ഫലം തഥൈവയായിരിക്കുകയാണ്.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണ ഘട്ടത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കണമെന്നും നിയമോപദേശം ലഭിച്ചപ്പോള്‍ അതെല്ലാം നിരാകരിച്ച് കുറ്റംചെയ്താല്‍ മാത്രമേ ശിക്ഷഭയപ്പെടേണ്ടതുള്ളൂ എന്ന നിലപാടെടുത്ത ഉമ്മന്‍ചാണ്ടിയും സഹപ്രവര്‍ത്തകരും സി.ബി.ഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അഗ്നിശുദ്ധിവരുത്തി ശിരസുയര്‍ത്തിനില്‍ക്കുമ്പോള്‍ സാമാന്യ നീതിയെ വലിച്ചുകീറി എന്തുവിലകൊടുത്തും പ്രതിയോഗികളെ സമൂഹത്തിനുമുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പിണറായിയും കൂട്ടരും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.

സരിതാ നായര്‍ ഓരോ ദിവസവും പറഞ്ഞുകൊണ്ടിരുന്ന അപസര്‍പ്പക കഥകളെ വേദവാക്യമായെടുത്ത് നാടിന്റെ ക്രമസമാധാനം തകര്‍ക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കുകയും ചെയ്ത ആ കറുത്ത ദിനങ്ങളാണ് മലയാളിയുടെ മനോരധങ്ങളില്‍ തെളിഞ്ഞുവരുന്നത്. ജനാധിപത്യത്തിന്റെ ദേവാലയമായ നിയമനിര്‍മാണസഭയെ പോലും സ്തംഭിപ്പിച്ചു നടത്തിയ ഈ നരനായാട്ട് എന്തിനുവേണ്ടിയായിരുന്നു എന്ന ചോദ്യത്തിനും ഓരോ കേരളീയനോടും മറുപടി പറയേണ്ട ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമറാന്‍ സി.പി.എമ്മിനു ഒരിക്കലും സാധ്യമല്ല. സരിതയെ ആഘോഷമാക്കിയവര്‍ക്ക് കാലത്തിന്റെ കാവ്യനീതിപോലെ തിരിച്ചടി ലഭിക്കുന്നത് കാമാനും അധികം കാത്തിരിക്കേണ്ടി വന്നില്ല. എന്നാല്‍ അതേ നാണയത്തില്‍ പ്രതികരിക്കാനുള്ള എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളുമുണ്ടായിട്ടും ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോയപ്പോഴും രാഷ്ട്രീയ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ യു.ഡി.എഫ് ഒരിക്കലും തയാറായില്ല എന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.

Article

സി.പി.എം എന്ന കൊലപാതക സംഘം

ആര്യനാട് പഞ്ചായത്തംഗം ശ്രീജ, എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുന്ന സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രിയത്തിന്റെ മറ്റൊരു ഇരയായിത്തീര്‍ന്നിരിക്കുകയാണ്.

Published

on

ആര്യനാട് പഞ്ചായത്തംഗം ശ്രീജ, എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുന്ന സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രിയത്തിന്റെ മറ്റൊരു ഇരയായിത്തീര്‍ന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട പഞ്ചായത്തംഗമായ ഈ വനിതക്ക് മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി യുടെയും സി.പി.എമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെയും ക്രൂരമായ വേട്ടയാടലിന് ഇരയായാണ് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള സി.പി.എമ്മിന്റെയും ഇടതു സര്‍ക്കാറിന്റെയും അവകാശവാദങ്ങള്‍ എത്രമാത്രം പൊള്ളയും പരിഹാസ്യവുമാണെന്നതിനുള്ള തെളിവായി മറ്റൊരു ജീവന്‍കൂടി പൊലിഞ്ഞുപോയിരിക്കുകയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയുമെല്ലാം മാനദണ്ഢം തങ്ങളുടെ ഇംഗിതങ്ങളെ ആശ്രയിച്ചുമാത്രമാണെന്ന് സി.പി.എം ഒരിക്കല്‍കൂടി വിളിച്ചു പറഞ്ഞിരിക്കുകയാണ്. ഭര്‍ത്താവിന്റെ ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമെല്ലാമായി കടംവാങ്ങിയ പണം. ഭൂമി വിറ്റും ലോണെടുത്തും വീട്ടാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ശ്രീജ. ഇതിന്റെ ഭാഗമായി ബാങ്കില്‍ വായ്പക്ക് അപേക്ഷിക്കുകയും അത് പാസാകുകയും ചെയ്തിരുന്നു. ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഘട്ടത്തിലും ഇഛാശക്തി കൈമുതലാക്കി കഠിന പ്രയത്‌നത്തിലൂടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു പൊതുപ്രവര്‍ത്തകയായ ആ സ്ത്രീ എന്ന് ചുരുക്കം.

ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും അവധിയിലായിപ്പോയ പൊതു രംഗത്തേക്ക് ശക്തമായി തിരിച്ചുവരാന്‍ ഒരുങ്ങുകയും തന്നില്‍ വിശ്വാസമര്‍പ്പിച്ചവരെ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ്. ജീവിക്കാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായി സി.പി.എം രംഗത്തെത്തിയത്. ശ്രീജ ഒരിക്കലും കരകയറില്ലെന്നും ഇനിയൊരു തിരിച്ചുവരവില്ലെന്നുമുള്ള തങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റുകയാണെന്ന തോന്നലില്‍ നിന്നാണ് വ്യക്തിഹത്യയിലേക്കും അതുവഴി മരണത്തിലേക്കും ഒരു പൊതുപ്രവര്‍ത്തകയെ ഈ കാപാലികസംഘം തള്ളിവി ട്ടിരിക്കുന്നത്. ശ്രീജയെ തേജോവദം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ ഇറക്കുകയാണ് ആദ്യപടിയായി അവര്‍ ചെയ്തുവെച്ചത്. അതിനു പിന്നാലെയാണ് ഇക്കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പൊതുയോഗം തന്നെ സംഘടിപ്പിച്ചത്. ആ യോഗത്തിലുയര്‍ന്നു കേട്ട മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ആരമാഭിമാനമുള്ള ഏതൊരാളെയും തകര്‍ത്തുകളയാന്‍ പര്യാപ്തമായിരുന്നു. കട്ടമുതല്‍ തിരിച്ചുനല്‍കിയാല്‍ കള്ളി കള്ളിയല്ലാതാകുമോയെന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് പാര്‍ട്ടിക്കാര്‍ ഉയര്‍ത്തിയത്.

കാര്യങ്ങള്‍ കൈകവിട്ടുപോയതോടെ പതിവുപോലെ ന്യായീകരണവുമായി പാര്‍ട്ടി രംഗത്തുവരുന്നുണ്ടെങ്കിലും അതെല്ലാം നട്ടാല്‍ കുരുക്കാത്ത നുണകളാണെന്ന് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വാര്‍ഡ്‌മെമ്പറുടെ സാമ്പത്തിക ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് പൊതു യോഗം നടത്തിയതെന്നും, ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ആവശ്യപ്പെട്ടെതെന്നുമാണ് സി.പി.എം ഭാഷ്യം. എന്നാല്‍ സി.പി.എമ്മിന്റെ ആരോപണങ്ങളില്‍ മനംനൊന്താണ് തന്റെ ഭാര്യ ആത്മഹത്യ ചെയ്തിരിക്കുന്ന തെന്ന് ഭര്‍ത്താവ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. പരസ്യമായ വ്യക്തിഹത്യക്കുപിന്നാലെ ആ രാത്രിമുഴുവന്‍ തന്റെ ഭാര്യകരഞ്ഞുതീര്‍ക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റിനു രേഖാമൂലം ലഭിച്ചുവെന്നുപറയുന്ന ഏക പരാതിപോലും നിര്‍ബന്ധിച്ച് എഴുതിവാങ്ങിയതാണെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. സി.പി.എമ്മി ന്റെ സ്വാധീന മേഖലയില്‍ നിന്ന് വാര്‍ഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട അന്നുമുതല്‍ തന്നെ ശ്രീജയോടുള്ള വിരോധം അവര്‍ ആരംഭിച്ചിരുന്നുവെന്നും അതിന്റെ പര്യവസാനമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സ്ത്രീസുരക്ഷയുടെ പേര് പറഞ്ഞ് സഭ്യതയുടെ സകല സീമകളും ലംഘിച്ചുകൊണ്ട് അഴിഞ്ഞാടുന്ന സി.പി.എമ്മിനെയും പോഷക സംഘടനകളെയുമാണ് വര്‍ത്തമാന കേരളം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ സ്വന്തം സര്‍ക്കാറിന്റെ മാത്രമല്ല, മന്ത്രിസഭയുടെ ഭാഗമായിരുന്നവരില്‍ നിന്നു തന്നെ സ്ത്രീവിരുദ്ധമായ സമീപനങ്ങളുണ്ടായപ്പോള്‍ പിണറായി സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിനുമുന്നില്‍ തലയില്‍ മുണ്ടിട്ട് രക്ഷപ്പെടുകയാണ് അവര്‍ ചെയ്യുന്നത്. ആ കപട സമീപനത്തിന്റെ മറ്റൊരുഷ്ടാന്തമായിത്തീര്‍ന്നിരിക്കുകയാണ് ഒരു ജനപ്രതിനിധിയുടെ ആത്മഹത്യ, ശ്രീജയുടെ മരണത്തിനുത്തരവാദിക ളായവര്‍ക്കെതിരെ മാതൃകാപരമായ നടപടിസ്വീകരിക്കുകയും ഈ ദാരുണമായ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയുമാണ് മാന്യതയുടെ അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത്.

Continue Reading

Article

എയര്‍ ഇന്ത്യ മറുപടി നല്‍കണം

EDITORIAL

Published

on

അഹമ്മദാബാദ് വിമാന ദുരന്തം നല്‍കുന്ന വേദന ചെറുതല്ല. ഒരാള്‍ ഒഴികെ എല്ലാ യാത്രക്കാരും അതിദാരുണമായി കൊല്ലപ്പെട്ട രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യോമ ദുരന്തം. ലോകം ഞെട്ടിയ സംഭവത്തിലെ കാര്യകാരണങ്ങള്‍ തേടുമ്പോള്‍ എയര്‍ ഇന്ത്യ തന്നെ ആദ്യം പ്രതിക്കൂട്ടില്‍ വരും. മണിക്കൂറുകള്‍ ദൈര്‍ഘ്യമേറുന്ന വലിയ യാത്രക്കായി ഉപയോഗിക്കുന്ന ബോയിംഗ് വിമാനങ്ങള്‍ ടേക്ക് ഓഫിന് പിറകെ തകര്‍ന്നു വീഴുമ്പോള്‍ അനാസ്ഥയും പിഴവുകളും ചെറുതല്ല. 11 വര്‍ഷം പഴക്കമുള്ള വിമാനം കത്തിയമര്‍ന്ന കാഴ്ച്ചയില്‍ പതിവായി നടത്തുന്ന അന്വേഷണ നാടകത്തിന് പകരം വ്യോമ യാത്രയില്‍ എയര്‍ ഇന്ത്യ പുലര്‍ത്തുന്ന ആലസ്യത്തിന് അ ന്ത്യമിടാനാവുന്ന ശക്തമായ നടപടികളാണ് വേണ്ടത്.

എയര്‍ ഇന്ത്യക്കെതിരെ എത്രയാണ് പരാതികള്‍. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവത്തില്‍ ഒരാള്‍ സാമുഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ മാത്രം ഉദാഹരിച്ചാലറിയാം അനാസ്ഥയുടെ ആഴം. വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനം തന്നെ നിശ്ചലമായ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യയുടെ അനാസ്ഥ വ്യക്തമാക്കുന്നു. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തപ്പോള്‍ വ്യോമ യാത്രികര്‍ സന്തോഷിച്ചെങ്കില്‍ അഹമ്മദാബാദിലെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം അഗ്‌നിഗോളമായി മാറുകയായിരുന്നു എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം. ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പത്തനംതിട്ടക്കാരി രഞ്ജിതയുമുണ്ട്. ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഡോക്ടര്‍മാരും മരിച്ചു.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രമാര്‍ഗമാണ് വിമാനങ്ങള്‍. വിമാനാപകടങ്ങള്‍ അപൂര്‍വമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതും ഗുരുതരവുമാണ്. ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും അതിന്റെ കാരണങ്ങളും വീഴ്ചകളും പഠിക്കുകയും പരിഹാര മാര്‍ഗ ങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. പ്രകൃതിപരമായും സാങ്കേതികമായും മാനവിക പിശകുകളും വിമാനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് രണ്ടാം തവണയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ടോബര്‍ 19ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ എ.ഐ 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപക ടങ്ങളിലൊന്നായും അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം.

എയര്‍ ഇന്ത്യയുടെ ഐ.എക്‌സ് 344 ദുബാ യ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദില്‍ സംഭവിച്ചത്. സിവിലിയന്‍ ദുരന്തങ്ങള്‍ക്ക് പുറമേ, നിരവധി സൈനിക വിമാനാപകടങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ജെറ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ മൂലമോ പരിശീലന പറക്കലുകള്‍ക്കിടയിലോ ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 65 വര്‍ഷത്തിനി ടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര്‍ മരണമടയുകയും ചെയ്തു.

ബോയിങ് വിമാനം അപകടത്തില്‍പെടുന്നത് അപൂര്‍വമാണ്. എന്നാല്‍ ബോയിങ് വിമാനങ്ങളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ അപകട സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയില്‍ ബോയിങ് 737 വിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തം സംഭവിച്ച് ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ വീണ്ടുമൊരു ബോയിങ് വിമാനം തകര്‍ന്നുവീണ് മറ്റൊരു വലിയ അപകടമുണ്ടായിരിക്കുന്നത്.

വന്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മതിയായ നഷ്ടപരിഹാരം നല്‍കുന്നതില്‍ വിമാനക്കമ്പനികള്‍ വീഴ്ച വരുത്തുന്നതായാണ് അനുഭവം. 21 പേര്‍ മരിക്കുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് അഞ്ച് വര്‍ഷമാകാറായി. കോവിഡിന്റെ രൂക്ഷതയില്‍ കഴിയുന്ന ജനതയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടു മണിയോടെയാണ് കരി പ്പൂര്‍ വിമാനത്താവളത്തില്‍ ദുരന്തം പറന്നിറങ്ങിയത്. മൂന്ന് ഭാഗങ്ങളായി വിമാനം പൊട്ടിത്തകര്‍ന്നു. അന്വേഷണങ്ങളും കണ്ടെത്തലുകളും ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങളും പലതുണ്ടായി. എയര്‍ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ് പൈലറ്റിന്റെ ഭാഗത്തു തന്നെ എന്ന് കണ്ടെത്തി.

എന്നാല്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്നവരോടു പോലും എയര്‍ ഇന്ത്യ നീതി കാണിച്ചില്ല. പരിക്കിന്റെ തോത് കണക്കാക്കി തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കിയത്. ഇതിനെതിരെ രക്ഷപ്പട്ടവര്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ പരമാവധി നഷ്ടപരിഹാരം തന്നു തീര്‍ത്തു എന്നാണ് മറുപടി ലഭിച്ചത്. വിമാനം പറന്നുയര്‍ന്ന് യാത്ര അവസാനിക്കുന്നതിനിടയില്‍ യാത്രക്കാര്‍ക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും 128 എസ്.ഡി.ആര്‍ (ഏകദേശം ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നതാണ് വ്യോമയാന നിയമം. അഹമ്മദാബാദ് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടീ വിതം ടാറ്റ നഷ്ട്ടപരിഹാരം വാഗ്ദാനം ചെയ്യുമ്പോഴും കേന്ദ്ര സര്‍ക്കരും വ്യോമയാന വകുപ്പും കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉറപ്പ് വരുത്തണം. ടാറ്റ യാണെന്ന് കരുതി കണ്ണടക്കരുത്.

Continue Reading

Article

ദുരന്തമാണ് വനം മന്ത്രി

EDITORIAL

Published

on

തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ഇടതുപക്ഷം നിരവധി തവണ തെളിയിച്ചിതാണ്. അതിന് വര്‍ഗീയ ധ്രുവീകരണമെന്നോ, രാഷ്ട്രീയ ഫാസിസമെന്നോ, നട്ടാല്‍മുളക്കാത്ത കളവുകളെന്നോ എന്നുള്ള വകഭേദമൊന്നും അവര്‍ക്കില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ നീലപ്പെട്ടി വിവാദങ്ങളുമെല്ലാം ഈ അടുത്തകലാത്ത് രാഷ്ട്രീയ കേരളം ദര്‍ശിച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ നിലമ്പൂരിലെത്തുമ്പോള്‍ അതിനെയെല്ലാം പിന്നിലാക്കി, ഒരു നാടൊന്നാകെ വിറങ്ങലിച്ചുപോയ ദുരന്തത്തെ തന്നെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അതിന് നിശ്ചയിച്ചിരിക്കുന്നതാകട്ടേ പിണറായി സര്‍ക്കാറില്‍ എന്നുമാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഴുവുകെട്ട മന്ത്രിയെന്ന വിശേഷണത്തിന് അര്‍ഹനായിത്തീര്‍ന്ന എ.കെ ശശീന്ദ്രനെയുമാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ഇദ്ദേഹം വിവാദങ്ങളുടെ ഉറ്റതോഴനാണ്. എന്നാല്‍ നിലമ്പൂരില്‍ അനന്തുവിജയ് എന്ന 15 കാരന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണില്‍ചോരയില്ലാത്ത പ്രസ് താവനയുമായാണ് അദ്ദേഹം കളം നിറഞ്ഞിരിക്കുന്നത്. ഇരിക്കുന്ന പദവിയുടെ വലിപ്പമോ, സാഹചര്യങ്ങളുടെ ഗൗരവമോ, പറയുന്നവാക്കുകളുടെ ഔചിത്യമോ മനസ്സിലാക്കാന്‍ കഴിയാത്തവിധം ദുര്‍ബലപ്പെട്ടുപോയ ഇദ്ദേഹം. ഭരണകൂടത്തിന്റെ മാത്രമല്ല, സി.പി.എം പാര്‍ട്ടിയുടെയും കൈയ്യിലെ കളിപ്പാവയായി മാറിത്തീര്‍ന്നിരിക്കുന്നു എന്നതാണ് ഇത്തരം നിലവിട്ട പ്രസ്താവനകളിലൂടെ നിലമ്പൂരിനെയും കേരളത്തെയും ബോധ്യപ്പെടുത്തുന്നത്.

വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസം ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്‍ നിന്ന് ഫുട്‌ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. മൃഗ വേട്ടക്കാര്‍ പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെ.എസ്.ഇ.ബി ലൈനിലൂടെ വലിച്ച് താഴെയിട്ടതില്‍ നിന്ന് ഷോക്കടിച്ച് അനന്തു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒപ്പം പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേര്‍ ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്. ഈ സംഭവത്തെക്കുറിച്ചാണ് സ്വന്തം കഴിവുകേടു മറച്ചുവെ
ക്കുന്നതിനും മേലാളന്‍മാരുടെ കൈയ്യടി നേടുന്നതിനുമായി മന്ത്രി അസംബന്ധം പറഞ്ഞിരിക്കുന്നത്. ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാറിനെതിരെ ജനരോഷമുയര്‍ത്തിവിടാനുള്ള യു.ഡി.എഫ് ഗൂഢാലോചനയായാണ് അദ്ദേഹം കാണുന്നത്.

സംഭവവുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ കൊള്ളരുതായ്മയും തുറന്നുകാണിക്കപ്പെടുമെന്നുറപ്പായ സാഹചര്യത്തില്‍ സ്ഥലകാല ഭ്രമം സംഭവിച്ച അദ്ദേഹം പ്ര സ്താവനയില്‍ ഉറച്ചുനില്‍ക്കുകയുമാണ്. പ്രദേശത്ത് വന്യ മൃഗശല്യം വ്യാപകമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുവിലയും നല്‍കാത്ത വനംവകുപ്പിന്റെ നടപടിയില്‍ നാട്ടുകാര്‍ അതിശക്തമായ പ്രതിഷേധത്തിലാണ് കഴിഞ്ഞിരുന്നത്. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ശ്രമങ്ങളെപോലും വനംവകുപ്പ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ദുരന്തമാണ് വനം മന്ത്രിയെന്ന് പറയേണ്ടി വന്നിരിക്കുന്നു.

അനന്തുവിനെ വനം വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് കൊന്നതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. വന്യ ജീവികളെ വേട്ടയാടുന്ന സംഘങ്ങള്‍ വൈദ്യുതി മോഷണം നടത്തി കെണിസ്ഥാപിക്കുന്ന വിവരം മരണപ്പെട്ട അനന്തുവിന്റെ വീട്ടുകാര്‍ അടക്കമുള്ളവര്‍ കെ.എസ്.ഇ.ബിയേയും വനം വകുപ്പിനേയും ദിവസങ്ങള്‍ക്കു മുമ്പുതന്നെ അറിയിച്ചതാണ്. എന്നാല്‍ ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വന്യ ജീവി ആക്രമണം രൂക്ഷമായ നില മ്പൂര്‍ മേഖലയില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കിടങ്ങുകള്‍ കുഴിക്കണമെന്നും വര്‍ഷങ്ങളായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യമാണ്. സര്‍ക്കാര്‍ അത് നടപ്പിലാക്കാതെ പൂഴ്ത്തിവെച്ചു.

നിരവധി തവണ ഇക്കാ ര്യത്തില്‍ തദ്ധേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കി വനം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കാട്ടിനുള്ളില്‍ ഏതാനും കുളം കുഴിച്ചതൊഴിച്ചാല്‍ കാര്യമായ ഒരു പ്രവര്‍ത്തനവും നടത്തിയില്ല. വനംമാഫിയകള്‍ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന ന്തുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.പി.എം നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും തങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുമെന്നും ഉറപ്പുള്ളതിനാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

Continue Reading

Trending