തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് മിഷന്‍ സിഇഒ യുവി ജോസിന് ഐഎഎസിന് സിബിഐ നോട്ടീസ് നല്‍കി. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി അടുത്ത മാസം സിബിഐ ഓഫീസില്‍ ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് 11 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം.

ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് യു.വി.ജോസായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസ് ധാരണാപത്രം ഒപ്പിട്ടത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാല്‍ കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നതായാണ് ആരോപണം.

ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തേ യു.വി.ജോസിന് ഇ.ഡി.ഉദ്യോഗസ്ഥരും നോട്ടീസ് നല്‍കിയിരുന്നു. ഫയലുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിവുള്ള ആളും ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ട്.