സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയ ലക്ഷ്യം 287. 28 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 258 അവസാനിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് സെഞ്ചൂറിയനില്‍ വിജയിക്കാനായാല്‍ പരമ്പരയില്‍ ഒപ്പമെത്താനാകും. അതേസമയം ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയരുടെ പേസ് ആക്രമണത്തിനു മുന്നില്‍ അമ്പേ പരാജയമായ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര സെഞ്ചൂറിയനില്‍ എത്രത്തോളം പിടിച്ചു നില്‍ക്കുമെന്ന് കണ്ടറിയണം.

 

 

എ ബി ഡിവില്ലേഴ്‌സ് (80), ഓപണര്‍ ഡീന്‍ എല്‍ഗാര്‍ (61) എന്നിവരുടെ ബാറ്റിങ് കരുത്താണ് രണ്ടാം ഇന്നിങസില്‍ ദക്ഷിണാഫ്രിക്കക്ക് തുണയായത്. തുടക്കത്തില്‍ തന്നെ ഒരു റണ്‍സു വീതം നേടിയ ഹാഷിം അംലയുയേയും മക്രത്തേയും നഷ്ടമായപ്പോള്‍ ഡിവി-ഡീന്‍ സഖ്യം ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ പതുക്കെ ഉയര്‍ത്തുകയായിരുന്നു. 142 റണ്‍സിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയത്. ഡികോക്കും (12). ഫിന്‍ലാന്‍ഡര്‍ (26) പെട്ടെന്ന് മടങ്ങിയതോടെ ഒടുവില്‍ നായകന്‍ ഫാഫു ഡുപ്ലേസിസ് വാലറ്റത്ത് നടത്തിയ ചെറുത്ത് നില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ200 കടക്കാന്‍ സഹായിച്ചത്. ഫിഫ്ടിയിലേക്ക് അടുത്ത ഡുപ്ലേസിനെ (48) ബുംറ മടക്കുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷെമി നാലും ബുംറ മൂന്നും വിക്കറ്റ് നേടി.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 335 പിന്തുടര്‍ന്ന ഇന്ത്യ നായകന്‍ വിരാട് കോഹ് ലിയുടെ സെഞ്ച്വറി മികവില്‍ 307 റണ്‍സിന് പുറത്താവുകയായിരുന്നു. 153 റണ്‍സു നേടിയാണ് കോഹ്‌ലി പുറത്തായത്.