ചെന്നൈ: മൊബൈല്‍ ഫോണ്‍ കവര്‍ച്ചാ സംഘത്തിനൊപ്പം പിടയിലായ 13 കാരനില്‍ നിന്നും പുറത്തുവന്നത് ദുരിത കഥ. ചെന്നൈ നഗരത്തിലെ കോര്‍പ്പറേഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയും പഠിക്കാന്‍ മിഠുക്കനുമായ 13കാരന്‍ കവര്‍ച്ചാ സംഘത്തില്‍ പങ്കാളിയായതെന്ന പൊലീസിന്റെ സംശയമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.

പഠിക്കാന്‍ മിഠുക്കനുമായ വിദ്യാര്‍ത്ഥി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണ്‍ ഇല്ലാതായതോടെയാണ് പിടിച്ചുപറി സംഘത്തിനൊപ്പം ചേര്‍ന്നത്. ബിസ്‌കറ്റ് ഷോപ്പിലെ ജീവനക്കാരനാണ് 13കാരന്റെ അച്ഛന്‍. അമ്മ വീട്ടുജോലിക്കാരിയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കിയതോടെ മൊബൈല്‍ പഠിക്കാന്‍ ഫോണ്‍ അനിവാര്യമാവുകയായിരുന്നു. എന്നാല്‍ പണമില്ലാത്തത് കാരണം 13കാരന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമത്തില്‍ വെറുതെ ഇരിക്കുന്ന കുട്ടിയെ അയല്‍പക്കത്തെ പിടിച്ചുപറി സംഘം സമീപിക്കുകയായിരുന്നു. സംഘത്തില്‍ ചേരുകയാണെങ്കില്‍ ഒരു മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് വാഗ്ദാനം 13കാരനെ പ്രലോഭിപ്പിക്കുകയും ചെയ്തു. കൂട്ടിയെ മുന്നില്‍ നിര്‍ത്തി പിടിച്ചുപറി നടത്താനായിരുന്നു ക്രിമിനല്‍ സംഘത്തിന്റെ പദ്ധതി. ഇനി പിടിയിലായാല്‍ തന്നെ കുട്ടിയുടെ പേരു പറഞ്ഞ് രക്ഷപ്പെടാമെന്നും പ്രതികള്‍ കരുതിയിരുന്നു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞതോടെ 13കാരന് പൊലീസുകാര്‍ ഒരു സ്്മാര്‍ട്ട്‌ഫോണ്‍ തന്നെ സമ്മാനമായി നല്‍കിയിരിക്കുകയാണ്.

സംഘത്തില്‍ ചേര്‍ന്നാല്‍ മൊബൈല്‍ ഫോണ്‍ തരാമെന്ന വാഗ്ദാനം നല്‍കിയാണ് കുട്ടിയെ കുറ്റകൃത്യത്തില്‍ പങ്കാളിയാക്കിയതെന്ന് പൊലീസ് പറയുന്നു. സംഭവം കുടുംബത്തെ അറിയിച്ചതായും കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതായും പൊലീസ് അറിയിച്ചു.