തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ജേക്കബ് തോമസ് ഭരണപക്ഷത്തിനെതിരെ ശബ്ദമുയര്‍ത്താത്തത് എന്തുകൊണ്ടാണെന്ന് ചെന്നിത്തല ചോദിച്ചു. അഴിമതിക്കാര്‍ക്കു നേരെ മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കാണിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഭരണപക്ഷത്ത് അഴിമതി കാണിക്കുന്ന ആര്‍ക്കുമെതിരെ ഇതുവരെ കാര്‍ഡ് കാണിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. നിലവില്‍ സര്‍ക്കാറിനു വേണ്ടി മാത്രമാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. ബന്ധുനിയമന വിവാദത്തില്‍ ഇ.പി ജയരാജനെതിരെയും തോട്ടണ്ടി ഇറക്കുമതി സംബന്ധിച്ച് മേഴ്‌സിക്കുട്ടിയമ്മക്കുമെതിരായ കേസുകളില്‍ ജേക്കബ് തോമസ് സ്വീകരിച്ച നിലപാട് ഇതിനു തെളിവേകുന്നതാണ്. ജയരാജനും മേഴ്‌സിക്കുട്ടിയമ്മക്കുമെതിരായ കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് വിജിലന്‍സ് ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കും കെ.ബാബുവിനുമെതിരെ കാണിച്ച ആവേശം ഇടതു സര്‍ക്കാറിനെതിരെ ജേക്കബ് തോമസ് കാണിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.