ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. നിശ്ചയിച്ച പ്രകാരം നാളെ സത്യപ്രതിജ്ഞ നടന്നേക്കില്ലെന്നാണ് വിവരം. ശശികലക്കെതിരെ സ്വത്ത് സമ്പാദന കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമോപദേശം തേടിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. സ്വത്തു സമ്പാദന കേസില്‍ സുപ്രീംകോടതി ഒരാഴ്ചക്കകം വിധി പറയാനിരിക്കെയാണ് ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചത്. കോടതിവിധി ശശികലക്ക് എതിരാണെങ്കില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചക്കകം രാജിവെക്കേണ്ട സാഹചര്യമുണ്ടാകും. അതിനാല്‍ ഒരാഴ്ച കാത്തിരുന്ന ശേഷം ഇതുസംബന്ധിച്ച തീരുമാനമെടുക്കാമെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം.
അതിനിടെ, മുഖ്യമന്ത്രിയായി ശശികല സ്ഥാനമേല്‍ക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ജയലളിതയുടെ തോഴിയായിരുന്നവര്‍ മുഖ്യമന്ത്രിയാകുന്നതിനെതിരെ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉയരുന്നുണ്ട്. നടപടിയില്‍ എതിര്‍പ്പുള്ള 40 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന. ഇവര്‍ ഡിഎംകെ നേതൃത്വവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

sasikala_pti
സമൂഹമാധ്യമങ്ങളിലും ശശികലക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്. ശശികലക്കെതിരെ ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെയും ഗായിക സോഫിയ അഷ്‌റഫിന്റെയും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിലെ യുവാക്കള്‍ക്കായി 234 തൊഴിലവസരങ്ങള്‍ ഒരുങ്ങിയിട്ടുണ്ടെന്നായിരുന്നു അശ്വിന്റെ പോസ്റ്റ്. 234 അംഗ നിയമസഭയയെയാണ് അശ്വിന്‍ പരോക്ഷമായി വിമര്‍ശിച്ചത്. അതേസമയം, പോയസ് ഗാര്‍ഡന്‍ റോഡിലൂടെ ശശികലക്കെതിരെ റാപ് ഗാനം പാടി നടക്കുന്ന ഫേസ്ബുക്ക് ലൈവിലൂടെയാണ് സോഫിയ അഷ്‌റഫ് തന്റെ പ്രതിഷേധം അറിയിച്ചത്. ഇത് വൈറലാവുകയും ചെയ്തിട്ടുണ്ട്.