തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന യോഗത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്ക്. മുഖ്യമന്ത്രി വിളിച്ച കലക്ടര്‍മാരുടെ യോഗത്തിലാണ് മാധ്യമങ്ങളെ വിലക്കിയത്. യോഗത്തില്‍ പങ്കെടുക്കുന്ന കലക്ടര്‍മാരുടെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെല്ലാം പുറത്തുപോയി. നേരത്തെ മുഖ്യമന്ത്രിയും കലക്ടര്‍മാരുമായി നടക്കുന്ന യോഗത്തില്‍ തുടക്കത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ നടന്ന സമാധാന യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത് വിവാദമായിരുന്നു. അന്ന് മാധ്യമപ്രവര്‍ത്തകരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ കടക്കു പുറത്ത് എന്നു മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു.