X

ഇന്ത്യയില്‍ ശൈശവ വിവാഹവും സതിയും വ്യാപകമായത് ഇസ്‌ലാമിന്റെ കടന്നു വരവോടെ; വീണ്ടും വിവാദ പരാമര്‍ശവുമായി ആര്‍.എസ്.എസ് നേതാവ്

ശൈശവ വിവാഹവും സതിയും വിധവ പുനര്‍വിവാഹ നിരോധനവും സ്ത്രീകള്‍ക്കിടയിലെ നിരക്ഷരതയും ഇന്ത്യയില്‍ വ്യാപകമാകാന്‍ കാരണം ഇസ്‌ലാമിന്റെ അധിനിവേശത്തോടെയാണെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് കൃഷ്ണ ഗോപാല്‍. ഡല്‍ഹി സര്‍വകലാശാലയിലെ ‘നാരി ശക്തി സംഗമം’ എന്ന പരിപാടിയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കവെയാണ് കൃഷ്ണ ഗോപാലാണ് വിവാദ പരാമര്‍ശം നടത്തിയത്.

മധ്യകാലഘട്ടത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആക്രമണകാരികളില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായി ഗോപാല്‍ അവകാശപ്പെട്ടു. മധ്യകാലഘട്ടം വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. രാജ്യമൊന്നാകെ കീഴടക്കലുമായി മല്ലിടുകയായിരുന്നു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. വലിയ സര്‍വകലാശാലകള്‍ നശിപ്പിക്കപ്പെട്ടു. സ്ത്രീകള്‍ അപകടത്തിലായി.-ആര്‍.എസ്.എസ് നേതാവ് തുടര്‍ന്നു.

ലക്ഷക്കണക്കിന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലോകമെമ്പാടുമുള്ള മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തി. അത് (അഹ്മദ് ഷാ) അബ്ദാലി, (മുഹമ്മദ്) ഘോരി, (ഗസ്‌നിയുടെ മഹ്മൂദ്) ആകട്ടെ, അവരെല്ലാം ഇവിടെ നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് ലോകമെമ്പാടുമുള്ള വിപണികളില്‍ വിറ്റു. അത് വലിയ അപമാനത്തിന്റെ കാലഘട്ടമായിരുന്നുവെന്നും ഗോപാല്‍ ആരോപിച്ചു. ഇസ്ലാമിക അധിനിവേശത്തിനുമുമ്പ്, വലിയ തോതിലുള്ള സ്ത്രീശാക്തീകരണം നടന്നിരുന്നു.

എന്നാല്‍ ഇസ്‌ലാം മതത്തിന്റെ കടന്നു വരവോടെ, ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ച് പെണ്‍മക്കളെ ആക്രമണകാരികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് ശൈശവ വിവാഹം ആരംഭിച്ചത്. അങ്ങനെ പെണ്‍കുട്ടിള്‍ സ്‌കൂളുകളിലേക്കും ഗുരുകുലങ്ങളിലേക്കും പോകുന്നത് നിര്‍ത്തുകയും വിദ്യാഭ്യാസമില്ലാത്തവരായി മാറുകയും ചെയ്തു. സതിക്ക് നമ്മുടെ നാട്ടില്‍ സ്ഥാനമില്ലായിരുന്നു. പിന്നീട് സ്വയം തീക്കൊളുത്തി മരിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. വിധവകളുടെ പുനര്‍വിവാഹത്തിന് നിയന്ത്രണം വന്നു. യുദ്ധങ്ങളില്‍ ധാരാളം ഹിന്ദു പുരുഷന്‍മാര്‍ കൊല്ലപ്പെട്ടതോടെ സാഹചര്യം കൂടുതല്‍ വഷളായി. എന്നാല്‍ ഇന്ന് അതില്‍ നിന്നെല്ലാം ഒരുപാട് മാറ്റം വന്നു.-ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.

ഇന്ന് ബോര്‍ഡ് പരീക്ഷകളില്‍ പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ മുന്നേറ്റം നടത്തുന്നത്. വിവിധ പ്രഫഷനല്‍ മേഖലകളില്‍ സ്ത്രീകള്‍ വലിയ സംഭാവന നല്‍കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍ നിന്ന് മുക്തരാകണമെന്ന് സ്?ത്രീകളോട് ആഹ്വാനം ചെയ്ത ആര്‍.എസ്.എസ് നേതാവ് ഇന്ത്യന്‍ മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ കുട്ടികളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.

‘സാങ്കേതികവിദ്യ ഉപയോഗിക്കുക, വിമാനം പറത്തുക, ഐ.എസ്.ആര്‍.ഒയില്‍ ജോലി ചെയ്യുക ഒരു ശാസ്ത്രജ്ഞനോ ഡോക്ടറോ എന്‍ജിനീയറോ ആകുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും ചെയ്യുക, എന്നാല്‍ ഒരു സ്ത്രീയായി തുടരുക.കാരണം കുടുംബത്തിന്റെ നെടുംതൂണ് സ്ത്രീയാണ്. ആഗ്രഹിക്കുന്ന കരിയറിനൊപ്പം അടുക്കളയും കൈകാര്യം ചെയ്യണം. പ്രധാനമന്ത്രിയായപ്പോള്‍ പോലും ഇന്ദിരാഗാന്ധി അടുക്കള ജോലികള്‍ നിര്‍വഹിച്ചിരുന്നു.?’-കൃഷ്ണ ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

 

webdesk13: