india

ലഡാക്കില്‍ ചൈന ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

By Test User

September 14, 2020

ലേ: ലഡാക്കിലെ പാന്‍ഗോങ് തടാകത്തിന് തെക്കുവശത്ത് ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ലഡാക്കിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്താന്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് അവര്‍ ദീര്‍ഘദൂരം കുഴികുഴിച്ച് കേബിള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

മുന്‍നിരയിലുള്ള സൈനികര്‍ക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് കരുതുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ചൈനീസ് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും പ്രതിരോധ വ്യത്തങ്ങളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേക്കുറിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. ട്രഞ്ചുകളില്‍ കഴിയുന്ന സൈനികരുമായി ആശയവിനിമയം സാധ്യമാക്കാനാണ് ഇത്തരം കേബിളുകള്‍ സ്ഥാപിക്കാറുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. ചിത്രങ്ങളും രേഖകളും അടക്കമുള്ളവ ഉന്നത തലങ്ങളിലേക്ക് കൈമാറാനാവും ഇവ സ്ഥാപിക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.