ഡല്‍ഹി: ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായുള്ള ലഡാക്ക് പ്രതിനിധികളുടെ ചര്‍ച്ച ഇന്ന്. നാലുപേര്‍ കൊല്ലപ്പെടാനിടയായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചര്‍ച്ച.
ഡല്‍ഹിയില്‍ വെച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ഉപസമിതിയുമായി കൂടിക്കാഴ്ച നടക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ഷണം ലഡാക്ക് പ്രതിനിധികള്‍ സ്വീകരിച്ചതായി ലേ അപെക്‌സ് ബോഡി സഹചെയര്‍മാന്‍ ചെറിങ് ഡോര്‍ജെ ലക്രുക് പറഞ്ഞു. ലേ അപെക്‌സ് ബോഡി, കാര്‍ഗില്‍ ഡെമക്രാറ്റിക് അലയന്‍സ് എന്നിവയില്‍നിന്നുള്ള മൂന്ന് പ്രതിനിധികള്‍, ലഡാക്ക് എംപി മുഹമ്മദ് ഹനീഫ ജാന്‍, അഭിഭാഷകന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരമുള്ള സംസ്ഥാനപദവിയും കേന്ദ്രഭരണപ്രദേശത്തിന്റെ സുരക്ഷയും എന്ന പ്രാഥമികാവശ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ച.
അതേസമയം വിരമിച്ച സുപ്രിംകോടതി ജഡ്ജി ബി.എസ് ചൗഹാന്റെ നേതൃത്വത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം. പൊലീസ് നടപടിയില്‍ നാല് യുവാക്കള്‍ ലേയില്‍ കൊല്ലപ്പെട്ടിരുന്നു. സോനം വാങ്ചുക്കിന്റെയും ലഡാക്കിലെ സംഘടനകളുടെയും ആവശ്യമായിരുന്നു ജുഡീഷ്യല്‍ അന്വേഷണം. അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ താന്‍ ജയിലില്‍ തുടരുമെന്നായിരുന്നു സോനം വാങ്ചുക്കിന്റെ നിലപാട്.
ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് നിരാഹാര സമരം നടത്തിയിരുന്നു. പിന്നാലെ പൊലീസ് നടത്തിയ ഇടപെടലില്‍ പ്രതിഷേധം അക്രമാസക്തമാവുകയും സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. 90ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.