പാറ്റ്‌ന: ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ നിതീഷ് കുമാറിനെ അഴിമതിക്കേസില്‍ ജയിലിലടക്കുമെന്ന് ചിരാഗ് പാസ്വാന്‍. ബിഹാറിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിനെതിരെ എല്‍ജെപി നേതാവും അന്തരിച്ച രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാനാണ് ഇത്തരമൊരു തീരുമാനം അറിയിച്ചത്. എല്‍.ജെ.പിബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ചിരാഗ് പറഞ്ഞു.

‘എല്‍ജെപി അധികാരത്തിലെത്തിയാല്‍ ‘7 നിശ്ചയ്’ പദ്ധതിയിലെ അഴിമതി അന്വേഷിക്കും. മുഖ്യമന്ത്രി ആയാലും മറ്റാരായാലും കുറ്റക്കാരെന്ന് കണ്ടാല്‍ ജയിലില്‍ അടക്കും’ ബക്‌സറിലെ ദുംറാവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ചിരാഗ് പാസ്വാന്‍ പറഞ്ഞു.

നിതീഷ് രഹിത ബിഹാറിനായി പോരാട്ടം തുടരും. മദ്യ നിരോധനം നടപ്പാക്കിയിട്ടും സംസ്ഥാനത്ത് അനധികൃത മദ്യം ഒഴുകുകയാണ്. ഇതിന്റെ കൈക്കൂലി നിതീഷ് കുമാറിന് ലഭിക്കുന്നുണ്ട്-ചിരാഗ് പാസ്വാന്‍ പറയുന്നു.

എല്‍ജെപി അധികാരത്തിലെത്തിയാല്‍ ബിഹാര്‍ ഫസ്റ്റ്, ബിഹാറി ഫസ്റ്റ് എന്ന നയം നടപ്പാക്കും. എല്‍ജെപിയുള്ളിടത്ത് എല്‍ജെപിക്ക് വോട്ട് ചെയ്യൂ, മറ്റെല്ലായിടത്തും ബിജെപിക്ക് വോട്ട് ചെയ്യൂ എന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

ഒക്ടോബര്‍ 28നും നവംബര്‍ മൂന്നിനും ഏഴിനുമായി മൂന്ന് ഘട്ടങ്ങളിലാണ് ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ്. നവംബര്‍ 10നാണ് ഫലപ്രഖ്യാപനം