കൊച്ചി: മനസ്സമാധാനത്തിനു വേണ്ടിയാണ് താന്‍ നാടുവിട്ടതെന്ന് എറണാംകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ സി.ഐ നവാസ്. ആത്മഹത്യ ചെയ്യില്ലെന്ന് തീരുമാനിച്ചാണ് തമിഴ്‌നാട്ടിലേക്ക് പോയതെന്നും നവാസ് പറഞ്ഞു.

രാമനാഥപുരത്ത് ഒരു ഗുരു ഉണ്ട്. അദ്ദേഹത്തെ കണ്ടു. രാമേശ്വരത്ത് പോയി. സ്വയം കലഹിക്കാതിരിക്കാനും മനസ് പിടിച്ച് നിര്‍ത്താനും കഴിയണം. അതിന് കഴിയുമെന്നായപ്പോള്‍ തിരിച്ച് പോന്നു. കാണാതായ നാല്‍പ്പത്തെട്ട് മണിക്കൂര്‍ അടുപ്പമുണ്ടായിയുന്നവര്‍ക്ക് ഏറെ വിഷമുണ്ടാക്കി എന്ന് അറിഞ്ഞപ്പോള്‍ തിരിച്ച് വരാന്‍ തിടുക്കമായെന്നും തിരിച്ച് വരും വഴിയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതെന്നും സിഐ നവാസ് പറഞ്ഞു.

കുടുംബത്തെ പിന്തുണച്ചതിന് നന്ദിയുണ്ടെന്നും നവാസ് പറഞ്ഞു. ബാക്കി കാര്യങ്ങളെല്ലാം ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിക്കട്ടെ എന്നും നവാസ് കൂട്ടിച്ചേര്‍ത്തു. തനിക്ക് പറയാനുള്ളതെല്ലാം മേലുദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഫോണ്‍ സ്വിച്ചോഫ് ആയിരുന്നു. അവിടെവെച്ചാണ് എന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണുന്നത്. എനിക്ക് കിട്ടിയ സ്‌നേഹത്തേക്കാള്‍ സ്‌നേഹം പ്രവൃത്തിയിലൂടെ തിരിച്ച് നല്‍കിയിട്ടേ പൊലീസില്‍ നിന്ന് പടിയിറങ്ങുകയുള്ളൂവെന്നും നവാസ് മാധ്യമങ്ങളോട് പറഞ്ഞു.