കൊച്ചി: മലയാള സിനിമകള്‍ തിയേറ്ററില്‍ നിന്നും ഒഴിവാക്കിയിട്ടും അതിനെതിരെ പ്രതികരിക്കാത്ത ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മണിയന്‍പിള്ള രാജു രംഗത്ത്. ജയറാം ഫാന്‍സ് അസോസിയേഷന്‍ പുറത്തിറക്കിയ കലണ്ടര്‍ പ്രകാശനം ചെയ്തുകൊണ്ട് കോതമംഗലത്ത് സംസാരിക്കുകയായിരുന്നു രാജു.

എവിടെയാണ് മോഹന്‍ലാലിന്റേയും മമ്മുട്ടിയുടേയും ഫാന്‍സ് അസോസിയേഷനുകള്‍. തമിഴും ഹിന്ദിയും ഇംഗ്ലീഷും മാത്രമേ ഇനി തിയ്യേറ്ററുകളില്‍ കാണിക്കൂ എന്ന് പറയുമ്പോള്‍ ഇവരെയാരേയും കാണാനില്ലല്ലോ. എന്തുകൊണ്ടാണ് ഇതിന് പ്രതികരണവുമായി അവര്‍ രംഗത്തെത്താത്തതെന്നും രാജു ചോദിക്കുന്നു. തമിഴ്‌നാട്ടിലാണ് ഇത്തരമൊരു അവസ്ഥയെങ്കില്‍ എന്തുണ്ടാകുമെന്ന് ചിന്തിച്ചുനോക്കണം. ഇവിടെയും ഇത്തരം സ്ഥിതിക്കെതിരെ പ്രതിഷേധം ഉയരണമെന്നും രാജു കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. എത്രയും വേഗം സമരം തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഈ മാസം 10ന് ചേരുന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.