സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കിട്ടിയതിന്റെ ആശ്ചര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ ഹീറോക്ക് ഇനിയും വിട്ടിട്ടില്ല. ബ്ലാസ്‌റ്റേഴ്‌സ് താരം സി.കെ വിനീതാണ് തന്റെ സൂപ്പര്‍ ഹീറോയായ മലയാള താര രാജാവ് മമ്മുട്ടിയെ നേരില്‍ കണ്ടവിവിരം വികാരഭരിതനായി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.
തന്റെ സൂപ്പര്‍ ഹീറോയും ആരാധനപുരുഷനുമാണ് മമ്മുട്ടിയെന്ന് വിനീത് ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രിയ താരത്തെ നേരില്‍ കണ്ടതിന്റെ സന്തോഷവും വിനീത് പങ്ക് വെച്ചു.

ഐഎസ്എല്ലിലെ ഗോളടി മികവും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേയുള്ള നിര്‍ണായക മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ സെമിയിലെത്തിച്ച ഗോളും നേടി കേരളത്തിന്റെ സൂപ്പര്‍ ഹീറോ ആയി മാറിയ താരമാണ് സികെ വിനീത്. താരത്തിന്റെ മനസുതുറന്ന കുറിപ്പ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാവുകയാണ്.

മമ്മുട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന പുതിയ സിനിമയായ പുത്തന്‍പണത്തിന്റെ സെറ്റില്‍ വെച്ചാണ് സികെ വിനീത് മമ്മൂട്ടിയെ കണ്ടത്. കേരളാ ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങളായ റിനോ ആന്റണി, മുഹമ്മദ് റാഫി എന്നിവരും വിനീതിനൊപ്പം താര രാജാവിനെ കാണാനെത്തിയിരുന്നു.

തന്റെ ആരാധനപുരുഷനും സൂപ്പര്‍ ഹീറോയുമായ മമ്മൂട്ടിയെ അടുത്ത് കണ്ട നിമിഷം ഹൃദയം നിലച്ച അവസ്ഥയായിരുനെന്നും കൈവിറക്കുന്നുണ്ടായിരുനെന്നും സി കെ വിനീത് കുറിച്ചു. മമ്മുട്ടിയെ ഓരോ തവണ നേരില്‍ കാണുമ്പോഴും ജീവിതത്തില്‍ മാറ്റമുണ്ടാകുന്നതായും വീനീത് പോസ്റ്റില്‍ പറയുന്നു. മമ്മുട്ടിയുമായുള്ള കൂടികാഴ്ചക്ക് സഹായിച്ച ചങ്ക് ബ്രോ പ്രണവിന് നന്ദിയും പറയാന്‍ സി.കെ.വി മടിച്ചിട്ടില്ല.