തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ ശക്തമായി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീല്‍ തെറ്റു ചെയ്തിട്ടില്ലെന്നും പ്രതിപക്ഷം രാജിയാവശ്യത്തില്‍ നിന്ന് പിന്തിരിയുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ഇഡി ജലീലിനെ ചോദ്യം ചെയ്തത് വലിയ പ്രശ്‌നമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. ഒരു മന്ത്രിയെന്ന നിലയ്ക്ക് ഒരു ഏജന്‍സി ചോദ്യം ചെയ്തത് ആദ്യമാണോ. എല്‍ഡിഎഫില്‍ അത് ആദ്യമായിരിക്കാം. ഇഡി പരിശോധന നടത്തുന്നതില്‍ എന്താണ് തെറ്റ്? ഖുര്‍ആന്‍ കൊണ്ടുവന്നതാണ് പ്രശ്‌നം. ഖുര്‍ആന്‍ കെടി ജലീല്‍ ചോദിച്ചിരുന്നോ, സകാത്ത് ജലീല്‍ ചോദിച്ചിരുന്നോ? കോണ്‍സുലേറ്റ് അക്കാര്യം ജലീലിനോട് അങ്ങോട്ട് പറയുകയായിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയ്ക്ക് ജലീല്‍ അതിനു വേണ്ട സഹായം ചെയ്തു കൊടുക്കുന്നു. അതെങ്ങനെയാണ് കുറ്റമാകുക? – അദ്ദേഹം ചോദിച്ചു.

‘നേരത്തെ ജലീല്‍ സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം എല്‍ഡിഎഫിലേക്ക് വരാന്‍ തയ്യാറായി. അതിനോടുള്ള പക ചിലര്‍ക്ക് വിട്ടു മാറുന്നില്ല. അതിന്റെ കൂടെ ചേര്‍ന്നവര്‍ ആരാണ്. നമ്മുടെ നാടിന് ചേരാത്ത രീതിയില്‍ കാര്യങ്ങള്‍ നീക്കുകയാണ്. ഇത് കേരളമാണ് എന്നോര്‍ക്കേണ്ടേ. ജലീല്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയാമ്. നാട് കുട്ടിച്ചോറാക്കാനുള്ള ശ്രമമാണ് നടത്തിയത്. നാടിനാകെ ബോധ്യമായ അവസ്ഥയല്ലേ?’ – അദ്ദേഹം പറഞ്ഞു.

ഇല്ലാത്ത കഥ കെട്ടിച്ചമയ്ക്കുകയാണ് എന്നും ഇത് അപവാദം പ്രചരിപ്പിക്കുകയാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. നമ്മുടെ നാടിന്റെ അവസ്ഥ മാറ്റിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. ആ മുദ്രാവാക്യത്തില്‍ നിന്ന് പിന്തിരിയുകയാണ് പ്രതിപക്ഷം വേണ്ടത്. നിയമലംഘനത്തെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ല. അതിനകത്ത് വിട്ടു വീഴ്ചയുണ്ടാകില്ല- അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുഖ്യമന്ത്രി സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ജലീലിനെ ന്യായീകരിച്ച് രംഗത്തെത്തിയത്.