സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രോട്ടോകോള്‍ പ്രകാരമുള്ള അനുവാദം വാങ്ങിയാണോ കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയെ കണ്ടത്? അനുവാദം വാങ്ങാതെയാണ് കണ്ടതെന്ന ആരോപണം വളരെ ഗുരുതരമാണ്. രാജ്ഭവനിലേക്ക് പോയ ഷാര്‍ജ ഭരണാധികാരി റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് പോയെന്ന ആരോപണവും സ്വകാര്യ ആവശ്യങ്ങള്‍ ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ ഉന്നയിച്ചെന്നതും അതീവ ഗൗരവ സ്വഭാവമുള്ളതാണ്. ഇതെല്ലാം ശരിയാണോയെന്ന് മുഖ്യമന്ത്രി തന്നെ പറയട്ടെ അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസിന്റെ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി ടി.വി ക്യാമറകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സി.പി.എം സെക്രട്ടറിയാണ് പിണറായി വിജയന്‍. ക്ലിഫ് ഹൗസിലെ സി.സി ടി.വി ക്യാമറകള്‍ പരിശോധിക്കണമെന്നാണ് സ്വപ്ന ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഒരു കാലവും കണക്ക് ചോദിക്കാതെ കടന്നുപോകില്ല. അന്ന് ഉമ്മന്‍ ചാണ്ടിയോട് സി.സി ടി.വി ഫൂട്ടേജ് ആവശ്യപ്പെട്ട പിണറായി വിജയന്‍ ഇപ്പോള്‍ ക്ലിഫ് ഹൗസിലെ ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കട്ടേ അദ്ദേഹം പറഞ്ഞു.

കെ. ഫോണിലും സ്പ്രിങ്ക്ളറിലും ശിവശങ്കറിന്റെ ഇടപെടലിനെ കുറിച്ച് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. സ്പ്രിങ്ക്ളറില്‍ തന്നെ ബലിയാടാക്കിയെന്ന് ശിവശങ്കരന്‍ പറഞ്ഞെന്നാണ് സ്വപ്ന പറയുന്നത്. ഡാറ്റ വിറ്റെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കെ. ഫോണ്‍ സംബന്ധിച്ചും പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കെ ഫോണില്‍ ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ ലംഘിച്ചത് ഉള്‍പ്പെടെ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അദ്ദേഹം പറഞ്ഞു.

മകളുടെ കമ്പനിയിലെ മെന്ററുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണത്തില്‍ മുഖ്യമന്ത്രി തെറ്റായ വിവരമാണ് നിയമസഭയില്‍ നല്‍കിയത്. ഡിപ്ലോമാറ്റിക് ചാനല്‍ വഴി ബാഗ് കൊണ്ടു പോയിട്ടില്ലെന്ന് നിയമസഭയില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞ മുഖ്യമന്ത്രി തന്നെ പിന്നീട് മാറ്റിപ്പറഞ്ഞു. ഈ രണ്ടു വിഷയങ്ങളിലും അവകാശലംഘനത്തിന് നോട്ടീസ് നല്‍കും. ആറന്മുള കണ്ണാടിക്ക് എന്തിനാണ് ഡിപ്ലോമാറ്റിക് പ്രിവിലേജ്. ഡിപ്ലോമാറ്റിക് ചാനലില്‍ എന്തിനാണ് ആറന്മുള കണ്ണാടി അയച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടി വരും. സ്വപ്ന ഉന്നനയിച്ച ആരോപണങ്ങള്‍ ഇ.ഡിയുടെ പരിധിയില്‍ മാത്രം വരുന്നതല്ല. സി.ബി.ഐ അന്വേഷണമാണ് വേണ്ടത്. സോളര്‍ കേസിലേതു പോലെ ഇക്കാര്യത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.