തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ റെഗുലര്‍ ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങും. 15 ന് ആരംഭിക്കുന്ന ക്ലാസുകള്‍ ഈ മാസം 27 വരെ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ കോളജിലെത്തണം. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരുന്നത്.

മാര്‍ച്ച് ഒന്ന് മുതല്‍ 16 വരെ രണ്ടാം വര്‍ഷ ബിരുദ ക്ലാസുകള്‍ നടക്കും. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് മൂന്നാം വര്‍ഷ ക്ലാസുകള്‍. പിജി വിഭാഗത്തിലെ എല്ലാ വിഷയത്തിലും റഗുലര്‍ ക്ലാസുകള്‍ നടത്തും. ബിരുദ വിഭാഗത്തില്‍ റെഗുലര്‍ ക്ലാസുകള്‍ ഇല്ലാത്ത ബാച്ചിലേക്ക് ഇതേസമയംതന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തണോയെന്ന കാര്യം കോളജുകള്‍ക്ക് തീരുമാനിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബിരുദ ഫൈനല്‍ സെമസ്റ്ററുകാരുടെ റഗുലര്‍ ക്ലാസുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്.