്അഡ്വ. പി.വി സൈനുദ്ദീന്‍

സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാരിന്റെ നിഗൂഢമായ നീക്കം ഒട്ടേറെ സങ്കീര്‍ണമായ നിയമ സര്‍വീസ് പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ദേവസ്വം-വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മുന്നാക്ക സമുദായത്തിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങി ദേവസ്വം നിയമനങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കാലാവധി നീട്ടികൊടുക്കുകയും ചെയ്തു. പ്രസ്തുത ഓര്‍ഡിനന്‍സില്‍ അംഗങ്ങള്‍ ഹിന്ദു മത വിശ്വാസിയും ദൈവവിശ്വാസിയും ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവരുമായിരിക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുകയും ചെയ്തു. എന്നാല്‍ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുകവഴി നീതിക്ക് നിരക്കാത്ത ഇരട്ടനയം സ്വീകരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

വഖഫ് ബോര്‍ഡിന്റെ എറണാകുളത്തെ ഹെഡ് ഓഫീസ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ചങ്ങനാശ്ശേരി, തിരുവനന്തപുരം എന്നീ ഡിവിഷനല്‍ ഓഫീസുകളിലുള്ള 130ല്‍ താഴെയുള്ള നിയമനങ്ങളാണ് രാഷ്ട്രീയ പിടിവാശിയുടെ പേരില്‍ പി.എസ്.സിക്ക് വിടാന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ആയിരത്തിലധികം ജീവനക്കാരെ നിയമിക്കുന്ന തിരുവിതാംകൂര്‍, ഗുരുവായൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ നിയമന കാര്യത്തില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനു വിട്ടുകൊടുത്തുകൊണ്ട് മറ്റൊരു രീതിയും കാഴ്ചപ്പാടുമാണ്. യോഗ്യത വാദം ഉയര്‍ത്തിയാണ് വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നത് എന്ന മന്ത്രിയുടെ വാദം ശുദ്ധ വങ്കത്തവും രാഷ്ട്രീയ ഗൂഢാലോചനയുടെ സന്തതിയുമാണ്.

95 ലെ കേന്ദ്ര വഖഫ് നിയമപ്രകാരം സംസ്ഥാനത്തെ വഖഫ് ബോര്‍ഡിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം കേരള സംസ്ഥാന വഖഫ് ബോര്‍ഡില്‍ നിക്ഷിപ്തമാണ്. വഖഫ് റെഗുലേഷന്‍ അനുസരിച്ച് നിയമിക്കപ്പെടുന്നവര്‍ മുസ്‌ലിംകളായിരിക്കണം എന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സര്‍ക്കാരിന് നിയമന അനുമതിയില്ലാത്ത ഇത്തരം സംഗതികളിലാണ് നിയമ വിരുദ്ധമായി കൈകടത്തി വിശ്വാസികളെ വെല്ലുവിളിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പി.എസ്.സി മുഖേന വഖഫ് ബോര്‍ഡില്‍ മുസ്‌ലിംകള്‍ക്ക്മാത്രം നിയമനമെന്നത് ഭാവിയില്‍ നീതിപീഠങ്ങള്‍ക്ക് മുമ്പാകെ ചോദ്യംചെയ്യാന്‍ സാധ്യതയുള്ളതും ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ ഉളവാക്കുന്നതുമാണ്. ഇത് വഴി മുസ്‌ലിം സമുദായത്തില്‍പെട്ടവരെ മാത്രം നിയമിക്കേണ്ട വഖഫ് ബോര്‍ഡില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരല്ലാത്തവരെ നിയമിക്കേണ്ട സാഹചര്യംപോലും വന്ന് ചേരും. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 100 ശതമാനം മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് ആനുകൂല്യം പാലോളി റിപ്പോര്‍ട്ട് പ്രകാരം 80:20 അനുപാതത്തില്‍ ആക്കിയത് കേരള ഹൈക്കോടതി റദ്ദ് ചെയ്ത് 50:50 എന്ന അനുപാതത്തിലാക്കിയത് ഉദാഹരണം മാത്രമാണ്. ഒരു പ്രത്യേക മതത്തിനായി നിയമനമെന്നത് പി. എസ്.സി മാനുവല്‍ വഴി സാധ്യമല്ലെന്ന് സര്‍വീസ് നിയമ വൃത്തങ്ങളില്‍ അഭിപ്രായമുണ്ട്. തുല്യ നീതിക്കും അവസര സമത്വത്തിനും വിരുദ്ധമാണ് പ്രസ്തുത നിയമനമെന്ന വാദം ഭാവിയില്‍ ഉയര്‍ന്നുവരാന്‍ സാധ്യത വളരെയേറെയാണ്.

ആറു പതിറ്റാണ്ടുകാലത്തെ കേരള വഖഫ് ബോര്‍ഡിന്റെ സേവന ചരിത്രം സുതാര്യവും നിരാക്ഷേപവുമാണെന്നിരിക്കെ ഇത്തരമൊരു കുല്‍സിത നീക്കം രാജ്യവ്യാപകമായി കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ സാഹചര്യം ഒരുക്കും. വഖഫ് നിയമം മുസ്‌ലിം സമുദായത്തിന്റെ വഖഫ് സ്വത്തുകള്‍ രചനാത്മകമായി സംരക്ഷിക്കുന്നതിനുള്ള ഏക സംരക്ഷണ കവചമാണ്. അത് ഏതെങ്കിലും സംസ്ഥാനത്ത് അന്യായമായി ഭേദിക്കപ്പെട്ടാല്‍ മറ്റു സംസ്ഥാനങ്ങളിലും ഓര്‍ഡിനന്‍സിലൂടെ ഭേദിക്കപ്പെടാനുള്ള വാതില്‍ തുറക്കപ്പെടുകയാണ്. ‘കാശി മധുര ബാക്കി ഹേ’ എന്ന വിഷലിപ്തമായ മുദ്രാവാക്യമുയര്‍ത്തി ഫാസിസ്റ്റുകള്‍ മുന്നോട്ടുവരുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ വഖഫ് നിയമം ദുര്‍ബലപ്പെടുത്താനും ബലഹീനമാകാനുമുള്ള ഇടത്‌സര്‍ക്കാരിന്റെ നീക്കം തികച്ചും ന്യൂനപക്ഷ വിരോധവും പ്രത്യേക സമുദായത്തോടുള്ള രാഷ്ട്രീയമായ പകപോക്കലിന്റെ മികച്ച ഉദാഹരണവുമാണ്.

പി.എസ്.സി വഴി വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം മറ്റു സര്‍ക്കാര്‍ സര്‍വീസ് മേഖലകളിലെ ജനറല്‍ ക്വാട്ടയില്‍ നിന്നുള്ള മുസ്‌ലിം സമുദായത്തിന്റെ അവസരത്തെ ഇല്ലാതാക്കാന്‍ കാരണമാകും. കെ. എസ്.ആര്‍ ചട്ടപ്രകാരമുള്ള സംവരണമോ റൊട്ടേഷനോ ബാധകമല്ലാത്ത വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് ദുരൂഹമാണ്. ജസ്റ്റിസ് നരേന്ദ്ര കമ്മീഷന്‍ ഉദ്യോഗസ്ഥ നിയമനങ്ങളില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ബാക്ക്‌ലോഗ് കണ്ടെത്തിയത് എഴായിരത്തിന് മുകളിലാണെങ്കില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നത് പതിനായിരത്തിന് മുകളിലാണ്. സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വഖഫ് ബോര്‍ഡ് മുമ്പാകെ വിവാഹ സഹായം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, ഖത്തിബ് ഇമാം മുക്രി എന്നിവര്‍ക്കുള്ള പെന്‍ഷന്‍, യത്തീംഖാനകള്‍ക്കുള്ള സാമ്പത്തിക സഹായം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള സഹായം എന്നീ പദ്ധതികളില്‍ 10 കോടി രൂപയുടെ ആയിരക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. മുഖ്യമന്ത്രിയുടെ മുമ്പാകെ വഖഫ് ബോര്‍ഡ് ഗ്രാന്റിനായി അപേക്ഷ നല്‍കിയിട്ട് തെല്ല് പരിഗണന പോലും നല്‍കാത്ത സര്‍ക്കാറാണ് കാര്യക്ഷമതയുടെ പേര് പറഞ്ഞ് വഖഫ് ബോര്‍ഡിനെ നന്നാക്കാനായി ഇറങ്ങിയിരിക്കുന്നത്. കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ 54 ലക്ഷം രൂപ വഖഫ് ബോര്‍ഡില്‍നിന്ന് കടം വാങ്ങിയത് സര്‍ക്കാര്‍ തിരിച്ചുനല്‍കിയിട്ടില്ലയെന്നത് ചേര്‍ത്ത് വായിക്കണം.

വഖഫ് അദാലത്ത് മേളകള്‍ സംഘടിപ്പിച്ച് രാഷ്ട്രീയ പ്രേരിതമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നീക്കം കടുത്ത എതിര്‍പ്പിന് വഴിതെളിയിച്ചിട്ടുള്ളതും വഖഫ് നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഒട്ടേറെ വിജിലന്‍സ് കേസുകള്‍ക്ക് നിമിത്തമാകുന്നതുമാണ്. വഖഫ് സ്വത്തും ഭൂമിയും സംരക്ഷിക്കാനെന്ന വ്യാജേന രംഗത്തിറങ്ങിയവര്‍ അറിയേണ്ട വസ്തുത ബംഗാളിലെ വഖഫ് സ്വത്തുക്കള്‍പോലും പാര്‍ട്ടി ഓഫീസുകളാക്കിയ കഥ പാര്‍ലമെന്റ് സമിതി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ്. വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ കാര്യക്ഷമത ചോദ്യംചെയ്ത് പ്രസംഗിക്കുന്നവര്‍ ബോര്‍ഡ് മെമ്പര്‍മാരായ കാലത്ത് എത്ര യോഗത്തില്‍ പങ്കെടുത്തുവെന്ന് മനസാക്ഷിയോട് ചോദിക്കേണ്ട ചോദ്യമാണ്. വഖഫ് ബോര്‍ഡ് നിയമനം മന്ത്രി പാലോളി മുഹമ്മദ് കുട്ടി സ്റ്റേ ചെയ്ത കാലത്താണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍കാലിക നിയമനം നടത്തിയത്. അവരില്‍ പലരും മറ്റു ജോലികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ പ്രായപരിധി കവിഞ്ഞ സന്ദര്‍ഭത്തില്‍ കോടതിയെ സമീപിച്ചാണ് സ്ഥിര നിയമനം നേടിയത്. മെറിറ്റില്‍ നിയമനം നേടിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമവിരുദ്ധമായി പുറത്താക്കാന്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കുന്നത് ഏതു മാനദണ്ഡത്തിലാണെന്ന് പൊതുസമൂഹത്തോട് പറയാന്‍കൂടി മന്ത്രിക്ക് ബാധ്യതയുണ്ട്. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍മാരായിരുന്ന സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍ എന്നിവരുടെ കാലത്ത് മലബാറിലും തെക്കന്‍ കേരളത്തിലും അന്യാധീനപ്പെട്ടുപോയ വഖഫ് വസ്തുക്കള്‍ തിരിച്ചുപിടിച്ച സംഭവങ്ങള്‍ മന്ത്രി വിസ്മരിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന മികച്ച കാര്യക്ഷമതയുള്ള ജീവനക്കാരാണ് ഇന്ന് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡിലുള്ളവര്‍. ഓരോ ഡിവിഷണല്‍ ഓഫീസുകള്‍ക്കും നിശ്ചയിച്ച് നല്‍കുന്ന ടാര്‍ജറ്റ് നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കുന്ന രീതിയാണ് വഖഫ് ബോര്‍ഡിലുള്ളത്. ഇതും 48 ലക്ഷമുണ്ടായിരുന്ന വാര്‍ഷിക വരുമാനം 12 കോടിയാക്കി ഉയര്‍ത്തിയതും വഖഫ് ബോര്‍ഡ് ജീവനക്കാരുടെ കാര്യക്ഷമതയുടേയും ആത്മാര്‍ത്ഥയുടേയും മികച്ച ഉദാഹരണമാണ്.