kerala

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; പത്താം ക്ലാസുകാരന് ഗുരുതര പരുക്ക്

By webdesk17

February 28, 2025

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന് ഗുരുതര പരുക്ക്. തലയ്ക്ക് ക്ഷതമേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ്. താമരശ്ശേരിയിലെ ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ്സുകാരുടെ ഫെയര്‍വെല്ലിനിടെയാണ് സംഘര്‍ഷമുണ്ടായത്.

എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഓഫ് ആകുകയും കളിക്കാന്‍ കഴിഞ്ഞില്ല. ഈ സമയം താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ പരിഹസിച്ചു. ഇതോടെ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. അധ്യാപകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിവെച്ച് വിദ്യാര്‍ത്ഥികളെ പിരിച്ചുവിടുകയായിരുന്നു.

എന്നാല്‍ പിന്നീട് എം ജെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും താമരശ്ശേരി സ്‌കൂളിലെ കുട്ടികള്‍ക്ക് തിരിച്ചടി നല്‍കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ട്യൂഷന്‍ സെന്ററിന് സമീപത്ത് വെച്ച് വീണ്ടും സംഘര്‍ഷമുണ്ടായി.

ഇതിനിടെ എം ജെ സ്‌കൂളിലെ വിദ്യാര്‍ത്ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാലിന്റെ മകനുമായ മുഹമ്മദ് ശഹബാസിന് ആണ് പരുക്കേറ്റത്. ഈ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥി അല്ല ഷഹബാസ്. പക്ഷേ സുഹൃത്തുക്കള്‍ ഷഹബാസിനെയും കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

തലച്ചോറിന് 70% ക്ഷതമേറ്റ കുട്ടി കോമയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.