X
    Categories: indiaNews

മധ്യപ്രദേശില്‍ സിന്ധ്യയെ നേരിടാന്‍ സച്ചിന്‍ പൈലറ്റ്; കിടിലന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു

ജയ്പൂര്‍: നേതൃത്വത്തിനെതിരെ വിമത പ്രവര്‍ത്തനം നടത്തി തിരിച്ചെത്തിയ യുവനേതാവ് സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസില്‍ പുതിയ നിയോഗം. ഈയിടെ പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ തളയ്ക്കാന്‍ പഴയ സുഹൃത്തു കൂടിയായ പൈലറ്റിനെ നിയോഗിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

ഇതിന്റെ ഭാഗമായി മധ്യപ്രദേശിലെ 28 അസംബ്ലി മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പൈലറ്റ് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട സിന്ധ്യയ്‌ക്കൊപ്പം പോയ എംഎല്‍എമാരുടെ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 22 പേരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നത്. സാമാജികളുടെ മരണം മൂലം ഒഴിവു വന്നവയാണ് മറ്റു മണ്ഡലങ്ങള്‍.

മധ്യപ്രദേശില്‍ പ്രചാരണത്തിന് പോകുമെന്ന് സചിന്‍ പൈലറ്റ് മുംബൈ മിററിനോട് വ്യക്തമാക്കി. ‘സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ട് കമല്‍നാഥ് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തീര്‍ച്ചയായും പ്രചാരണത്തിന് എത്തിയിരിക്കും. കൂറുള്ള കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ എനിക്ക് കഴിയുന്ന എല്ലാം പാര്‍ട്ടിക്കായി ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. മധ്യപ്രദേശ് എനിക്ക് പരിചിതമാണ്. രാജസ്ഥാനുമായി അടുത്തു നില്‍ക്കുന്ന പ്രദേശങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്’ – പൈലറ്റ് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റില്‍ 16 ഉം ഗ്വാളിയോര്‍-ചമ്പര്‍ മേഖലയിലാണ്. സിന്ധ്യയുടെ തട്ടകമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മേഖലയിലെ ഗുജ്ജര്‍ വോട്ടുകളിലാണ് കോണ്‍ഗ്രസിന്റെയും പൈലറ്റിന്റെയും കണ്ണ്. 28ല്‍ പകുതി സീറ്റെങ്കിലും പിടിക്കാനായാല്‍ പാര്‍ട്ടിക്കുള്ളില്‍ പൈലറ്റിന്റെ ഗ്രാഫ് ഉയരും. പ്രചാരണത്തിനായി സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ രംഗത്തിറങ്ങാത്ത സാഹചര്യത്തില്‍ വിശേഷിച്ചും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരിടമായ മാല്‍വ-നിമാര്‍ മേഖലയില്‍ 2015ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പൈലറ്റ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ കാന്തിലാല്‍ ഭുരിയയാണ് ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ പൈലറ്റ്-സിന്ധ്യ പോരാട്ടം അതീവ കൗതുകത്തോടെയാണ് രാഷ്ട്രീയവൃത്തങ്ങള്‍ വീക്ഷിക്കുന്നത്. ജൂലൈയിലാണ് പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വിമത നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. മധ്യപ്രദേശില്‍ സിന്ധ്യ പുറത്തു പോയതു പോലെ സച്ചിനും ബിജെപിയിലേക്ക് ചേക്കേറുമെന്ന് കരുതപ്പെട്ടിരുന്നു എങ്കിലും അതുണ്ടായില്ല. സച്ചിന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ അഹമ്മദ് പട്ടേല്‍, അജയ് മാക്കന്‍, കെസി വേണുഗോപാല്‍ എന്നിവര്‍ അടങ്ങുന്ന സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്.

Test User: