മുംബൈ: റിപ്പബ്ലിക് ടിവി ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഘടകം പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം സംസ്ഥാന തലത്തില്‍ നടത്തിയ പ്രക്ഷോഭത്തിനു ശേഷവും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമ്മര്‍ദം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

ബാലാകോട്ട് ആക്രമണം മുന്‍കൂട്ടി അറിഞ്ഞതിന്റെ സൂചനകളോടെയുള്ള അര്‍ണബിന്റെ വാട്‌സാപ് ചാറ്റുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ‘ബാര്‍ക്’ ഏജന്‍സിയിലെ മുന്‍ സിഇഒ പാര്‍ഥോ ദാസ്ഗുപ്തയുമായി ചേര്‍ന്ന് റിപ്പബ്ലിക് ടിവിയുടെ റേറ്റിങ് കൃത്രിമമായി കൂട്ടി കൂടുതല്‍ പരസ്യവും വരുമാനവും നേടാന്‍ ക്രമക്കേട് കാട്ടിയതിന്റെ വിവരങ്ങളും ചോര്‍ന്ന വാട്‌സാപ് ചാറ്റിലൂടെ പുറത്തെത്തിയിരുന്നു.

ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിനൊപ്പം വ്യാജ റേറ്റിങ്ങിലൂടെ പണം തട്ടാനും മോദി സര്‍ക്കാര്‍ അര്‍ണബിനെ സഹായിച്ചതായി കോണ്‍ഗ്രസ് മഹാരാഷ്ട്ര വക്താവ് സച്ചിന്‍ സാവന്ത് ആരോപിച്ചു. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എന്തുകൊണ്ടാണ് അര്‍ണബിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കേസെടുക്കുകയോ, അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു.