അഹമ്മദാബാദ്: ബിജെപി വിരുദ്ധ വിശാലസഖ്യത്തിനു രൂപം നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമം ശക്തമാക്കി. പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍, ദളിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മെവാനി, പിന്നോക്ക-ദളിത്-ആദിവാസി ഐക്യവേദി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരെ വിശാലസഖ്യത്തില്‍് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ക്ഷണിച്ചു.

gujarat.jpg.image.784.410

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും പ്രഖ്യാപനങ്ങള്‍ക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ഗുജറാത്തിലെത്താനിരിക്കെയാണ് കോണ്‍ഗ്രസ് വിശാലസഖ്യത്തിന് സാധ്യത പരിശോധിച്ചത്. അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസിന്റെ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ദളിത് അവകാശമുന്നണി രാഷ്ട്രീയ കാഴ്ചപാടുള്ള പ്രസ്ഥാനമാണെന്നും അംഗങ്ങളുമായും സമാന കൂട്ടായ്മകളുമായും ചര്‍ച്ച നടത്തിയ ശേഷം കോണ്‍ഗ്രസിന്റെ ക്ഷണത്തോടു പ്രതികരിക്കാമെന്ന നിലപാടിലാണ് ജിഗ്നേഷ് മെവാനി പറഞ്ഞു.
ഹര്‍ദിക് പട്ടേല്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പട്ടേലിന് മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് ടിക്കറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന അധ്യക്ഷന്‍ ഭാരത് സിങ് സോളങ്കിയുടെ നേതൃത്വത്തിലാണ് ബിജെപി വിരുദ്ധരെ ഏകോപിപ്പിക്കാന്‍ നീക്കം നടത്തുന്നത്.