കണ്ണട ധരിക്കുന്നവര്‍ക്ക് കോവിഡ് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവെന്ന് പഠനം. ചൈനയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയത്. ഗവേഷണ പ്രബന്ധം ജമാ ഓപ്‌തോല്‍മോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കണ്ണട വയ്ക്കുന്നവര്‍ക്ക് നിരന്തരം കണ്ണില്‍ തൊടാനുള്ള പ്രവണത കുറവാകുന്നതാണ് വൈറസ് ബാധ ഏല്‍ക്കാതിരിക്കാനുള്ള കാരണം. സാധാരണ മനുഷ്യര്‍ ഒരു മണിക്കൂറില്‍ പത്ത് തവണയെങ്കിലും അറിയാതെ തങ്ങളുടെ കണ്ണുകളില്‍ സ്പര്‍ശിക്കുമെന്നാണ് കണക്കാക്കുന്നത്. വൈറസ് ശരീരത്തിനുള്ളില്‍ കയറാതിരിക്കാന്‍ വായും മൂക്കും മാത്രമല്ല കണ്ണും സംരക്ഷിക്കണമെന്നു പുതിയ പഠനം അടിവരയിടുന്നു.

ഒരു ചെറിയ സംഘത്തില്‍ മാത്രമാണ് പഠനം നടത്തിയിട്ടുള്ളത്. അതു കൊണ്ടു തന്നെ ശാസ്ത്ര ലോകം ഈ ഗവേഷണ ഫലത്തെ പ്രധാനമായി കാണുന്നില്ല. ചൈനയിലെ സൈ്വയ്‌ചോയില്‍ നടത്തിയ ഗവേഷണ പഠനത്തില്‍ 276 രോഗികളാണ് പങ്കെടുത്തത്. നിത്യവും കണ്ണട വയ്ക്കുന്നവരില്‍ സാധാരണക്കാരെ അപേക്ഷിച്ച് അണുബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടി. കണ്ണട വയ്ക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 5.8 ശതമാനമാണെങ്കില്‍ അല്ലാത്തവര്‍ക്ക് ഇത് 31.5 ശതമാനമാണ്.

സാധാരണഗതിയില്‍ ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും പുറത്തു വരുന്ന സ്രവങ്ങളില്‍ നിന്നാണ് കോവിഡ് വൈറസ് പകരുന്നത്. എന്നാല്‍ കണ്ണീര്‍ തുള്ളികള്‍ക്കും വൈറസ് പരത്താനുള്ള ശേഷിയുണ്ടെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ സര്‍വേ പറയുന്നു.