തലശ്ശേരി: വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ ആക്രമിച്ച കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊളശ്ശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സി.പി.എം പ്രവര്‍ത്തകരാണ്. വൈദ്യ പരിശോധന നടത്തി പ്രതികളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

തലശ്ശേരിയിലെ പുതിയ സ്റ്റാന്റ് പരിസരത്ത് നില്‍ക്കുമ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം നസീറിനെ വെട്ടിയത്. കൈക്കും തലക്കും വയറിനും പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംഭവത്തില്‍ സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്ന് നേരത്തെ സി.പി.എം നേതൃത്വം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പിടികൂടിയ രണ്ടു പേരും സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്.

മുന്‍ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ തലശ്ശരി നഗരസഭാംഗവുമായിരുന്നു സി.ഒ.ടി നസീര്‍. മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സി. ഒ. ടി നസീര്‍. ‘മാറ്റി കുത്തിയാല്‍ മാറ്റം കാണാം’ എന്ന പ്രചാരണ വാക്യത്തോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സി.ഒ.ടി നസീര്‍ മത്സരിച്ചിരുന്നത്. ആശയപരമായ ഭിന്നതകള്‍ കാരണം നസീര്‍ സി.പി.എം പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു.