ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലാ കോടതിയാണ് രാഹുല്‍ഗാന്ധിക്കെതിരെ കുറ്റം ചുമത്തിയത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുണ്ടേ നല്‍കിയ അപകീര്‍ത്തി കേസിലാണ് നടപടി.

മഹാത്മാഗാന്ധിയെ കൊന്നത് ആര്‍.എസ്.എസുകാരാണെന്ന് പരാമര്‍ശമാണ് കേസെടുക്കാന്‍ കാരണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ രാഹുല്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ച് വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.

ജില്ലാ കോടതിയില്‍ നേരിട്ടെത്തിയ രാഹുല്‍ഗാന്ധി ജാമ്യമെടുത്തു. ഏപ്രില്‍ 23ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും രാഹുലിന്റെ അഭിഭാഷകനാണ് കോടതിയിലെത്തിയത്. തുടര്‍ന്ന് ജൂണ്‍ 12ന് നേരിട്ട് ഹാജരാകാന്‍ അന്ന് കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് രാഹുല്‍ ഇന്ന് ഹാജരായത്.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാര്‍ച്ച് ആറിനാണ് രാഹുല്‍ഗാന്ധി ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ചത്. ആര്‍എസ്എസുകാരാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയത്. എന്നിട്ട് ഇന്ന് അവരുടെ ആളുകള്‍ ഗാന്ധിജിയെ കുറിച്ച് പറഞ്ഞുനടക്കുകയാണ്’ ഇതായിരുന്നു രാഹുലിന്റെ പരാമര്‍ശം.