നേരിയ കോവിഡ് ബാധയാണെങ്കിലും കാന്‍സര്‍ ചികിത്സയിലുള്ളവര്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍, എച്ച്‌ഐവി ബാധിതര്‍ തുടങ്ങി പ്രതിരോധശേഷി കുറഞ്ഞവര്‍ വീട്ടില്‍ തുടരുന്നത് അഭികാമ്യമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡോക്ടറുടെ അനുമതിയുണ്ടെങ്കില്‍ മാത്രം വീട്ടില്‍ തുടരാം. രക്താതിസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം, ഗുരുതര ശ്വാസകോശ, കരള്‍, വൃക്ക രോഗങ്ങളുള്ളവര്‍ തുടങ്ങിയവരും ഹോം ഐസലേഷന്‍ തിരഞ്ഞെടുക്കുന്നതിനു മുന്‍പു ഡോക്ടര്‍ പരിശോധിച്ച് അനുമതി നല്‍കണമെന്നു പുതുക്കിയ മാര്‍ഗരേഖ വ്യക്തമാക്കുന്നു.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും നേരിയ വൈറസ് ബാധയുള്ളവര്‍ക്കും വീട്ടില്‍ തുടരാമെന്നതാണു പൊതുനിര്‍ദേശം. വീട്ടില്‍ തുടരുന്ന കോവിഡ് ബാധിതരില്‍, ലക്ഷണങ്ങള്‍ ഇല്ലാത്തവരും നേരിയ ലക്ഷണങ്ങളുള്ളവരും ഓക്‌സിജന്‍ സാച്ചുറേഷന്‍ 94നു മുകളിലാണെന്ന് ഉറപ്പു വരുത്തണം.

വീട്ടില്‍ കോവിഡ് ബാധിതരുണ്ടെങ്കില്‍ അടുത്തിടപഴകുന്നവര്‍ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കഴിക്കണം.

കോവിഡ് ബാധിച്ചാലും മറ്റ് രോഗങ്ങള്‍ക്കു കഴിക്കുന്ന മരുന്നുകള്‍ തുടരാം. ഇക്കാര്യത്തില്‍ ഡോക്ടറുടെ അഭിപ്രായം കൂടി തേടുക.

വീട്ടിലുള്ള മറ്റുള്ളവരും ക്വാറന്റീനില്‍ തുടരണം. കോവിഡ് ബാധിതരെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കണം. പരിചരിക്കുന്നവരും തൊട്ടടുത്ത കോവിഡ് ആശുപത്രിയുമായോ ഡോക്ടറുമായോ ബന്ധപ്പെടണം.

ഐസലേഷന്‍ മുറിയില്‍ രോഗി മാത്രമുള്ളപ്പോള്‍ 3 പാളിയുള്ള മെഡിക്കല്‍ മാസ്‌ക് മതി. ഓരോ 8 മണിക്കൂര്‍ കഴിയുമ്പോഴും പുതിയ മാസ്‌ക് ഉപയോഗിക്കണം. പരിചരിക്കാന്‍ മുറിയിലേക്ക് ആളെത്തിയാല്‍, ഇരുവരും എന്‍95 മാസ്‌ക് ഉപയോഗിക്കണം.

ധാരാളം വെള്ളം കുടിക്കണം, സോപ്പും സാനിറ്റൈസും തുടരെ ഉപയോഗിക്കുക തുടങ്ങിയ മുന്‍നിര്‍ദേശങ്ങളും പാലിക്കണം.