ഭുവനേശ്വര്‍: വളര്‍ത്തി എഞ്ചിനീയറാക്കിയിട്ടും ലോക്ഡൗണ്‍ തിരിച്ചടിയായതോടെ മകന്‍ തന്നെപൊലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കെത്തിയതില്‍ നിരാശയിലായ അച്ഛന് സഹായവുമായി ജില്ലാ കലക്ടര്‍. ഒഡീഷ സ്വദേശിയായ ബൈഷ്‌നാബ് ബെരിയയുടെ എഞ്ചിനീയറായ മകന്‍ അനന്ദ് ബറിയ എന്ന യുവാവിനാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നൈയിലെ ജോലി നഷ്ടമായത്.

കൊറോണ വൈറസുമായി വ്യാപിച്ചതോടെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ചെന്നൈയിലെ കമ്പനിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോലി വിട്ട് 23 കാരന്‍ ഒഡീഷയില്‍ തിരിച്ചെത്തിയത്. ഭുവനേശ്വര്‍ കോളേജില്‍ നിന്ന് ബിടെക് ബിരുദം നേടി രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും പിതാവിനൊപ്പം തൊഴിലുറപ്പ് പദ്ധതിക്കെതിയതോടെ നാട് മുഴുവന്‍ നിരാശയിലായിരുന്നു. ഉദ്യോഗസ്ഥനാവേണ്ടിയിരുന്ന മൂത്തമകന്‍ തന്നെപ്പോലെ ഒരു തൊഴിലാളിയാകേണ്ടി വന്നതില്‍ ദുഃഖിതനായിരുന്നു ബൈഷ്‌നാബ് ബെരിയ.

ജോലി നഷ്ടപ്പെട്ട ദുരിതത്തിലായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഭയം തേടിയ അനന്ദ് ബറിയയെ സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ കണ്ടതോടെയാണ് നാട് സന്തോഷത്തിലാവുകയായിരുന്നു. ജുര്‍ലകാനി ഗ്രാമത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ എത്തിയ ബൊളാംഗീര്‍ കളക്ടര്‍ ചഞ്ചല്‍ റാണയാണ് അനന്ദന് സഹായവുമായി എത്തിയത്.

Ananta Beria digging a  canal

മികച്ച വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യേണ്ടി വന്ന ദുരവസ്ഥ മനസിലാക്കിയ കലക്ടര്‍, അനന്ദന് ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററായി ജോലി വാഗ്ദാനം നല്‍കുകയായിരുന്നു. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും യുവാവ് തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്ന് കനാല്‍ കുഴിക്കുന്നത് തന്നെ അസ്വസ്ഥമാക്കിയെന്ന് കലക്ടര്‍ പറയുന്നു. ഇയാള്‍ക്ക് ഇതിലും മെച്ചപ്പെട്ട ജോലി ലഭിക്കേണ്ടതുണ്ടെന്നതിനാല്‍ താല്‍കാലികമായി ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററായി ജോലി വാഗ്ദാനം നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. അനന്ദന് അനുയോജ്യമായ മികച്ച തൊഴില്‍ ലഭിക്കാന്‍ വ്യക്തിപരമായി ശ്രമിക്കുകയും ചെയ്യുമെന്ന് കലക്ടര്‍ പറഞ്ഞു.