ഹൈദരബാദ്: സര്‍ക്കാരില്‍നിന്ന് അംഗീകാരം ലഭിക്കുന്നതില്‍ വീഴ്ചകളൊന്നും സംഭവിച്ചില്ലെങ്കില്‍ 2021 ജൂണിനകം കോവിഡ് വാക്‌സിന്‍ തയാറാകുമെന്ന് ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഈ കാര്യം അറിയിച്ചത്. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

12-14 സംസ്ഥാനങ്ങളിലായി ഇരുപതിനായിരത്തിലധികം വോളന്റിയര്‍മാരില്‍ കോവാക്‌സിന്‍  പരീക്ഷിക്കാനാണ് പദ്ധതിയെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സായി പ്രസാദ് പറഞ്ഞു.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് വികസിപ്പിച്ച കോവാക്‌സിന്‍ ജീവനില്ലാത്ത കോവിഡ്19 വൈറസിനെ ശരീരത്തില്‍ കുത്തിവച്ച് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും.

വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഇതോടകം അനുമതി ലഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ രണ്ടിനാണ് നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്. നവംബര്‍ ആദ്യവാരത്തോടെ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ ശേഷി വികസിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞമാസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഭാരത് ബയോടെക്ക് വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 15 നകം കോവാക്‌സിന്‍ വിപണിയില്‍ എത്തിക്കുമെന്ന് ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, അടുത്ത വര്‍ഷത്തിന് മുന്‍പായി ഇത്തരമൊരു വാക്‌സിന്‍ പുറത്തിറക്കുന്നത് സാധ്യമല്ലെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ അറിയിക്കുകയായിരുന്നു.