X

ഏകാധിപതിയുടെ കൊടിയിറക്കം

സി.പി സൈതലവി

‘ജനവിരുദ്ധരായ ഏകാധിപതികള്‍ക്ക് അധികാരം വിട്ടൊഴിയാന്‍ ഭയമായിരിക്കും. അതിനാല്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ അവര്‍ ഏതറ്റംവരെയും പോകും. കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ് ഒരു പദവിയില്‍ ഒരാള്‍ അധികകാലം തുടരുന്നത്. അത് അയാളെയും അയാളുടെ പ്രസ്ഥാനത്തെയും ഒരുപോലെ ജീര്‍ണിപ്പിക്കും’ എന്നെഴുതിയത് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, ‘ഏകാധിപതികള്‍ അര്‍ഹിക്കുന്നത്’ എന്ന പുസ്തകത്തില്‍. പല ഏകാധിപതികളുടെയും അന്ത്യം ദയനീയമാണെന്ന് ജനലക്ഷങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്‌ലറെയും മുസ്സോളിനിയെയും സുഹാര്‍ത്തോവിനെയുമെല്ലാം ഉദ്ധരിച്ചു കുഞ്ഞനന്തന്‍ നായര്‍ എത്തിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇത്തരം ഏകാധിപത്യ പ്രവണതകള്‍ തലപൊക്കിയതായി സമീപകാല ചരിത്രം തന്നെ സാക്ഷിനില്‍ക്കുന്നുവെന്ന് സ്ഥാപിച്ചാണ്.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായ, കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റുകളില്‍പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഇതെഴുതുമ്പോള്‍ പിണറായി വിജയന്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലായിരുന്നു. ഈ തൊണ്ണൂറ്റഞ്ചാം വയസ്സില്‍ ആസ്പത്രിക്കിടക്കയില്‍ പിണറായിയോട് ഖേദപ്രകടനം നടത്തിയെങ്കിലും പറഞ്ഞതൊന്നും കുഞ്ഞനന്തന്‍ നായര്‍ പിന്‍വലിച്ചില്ല.

ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളിലൊരാളായ ഫ്രാന്‍സിലെ ലൂയി പതിനാലാമനോടാണ് ഈ കൃതിയില്‍ പിണറായിയെ ഉപമിച്ചത്. ‘യൂറോപ്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന ഈ രാജാവിന് താന്‍ കല്‍പിക്കുന്നത് മാത്രമായിരുന്നു നിയമം. എന്നാല്‍ മധ്യകാല രാജാക്കന്മാര്‍ വച്ചുപുലര്‍ത്തിയിരുന്ന ഇത്തരം ചിന്താഗതികള്‍ ഈ ആധുനിക ജനാധിപത്യ യുഗത്തിലും ചിലര്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ടോയെന്ന് തോന്നിപ്പിക്കുന്നവിധത്തിലാണ് സംഭവങ്ങള്‍. സംസ്ഥാന സര്‍ക്കാരിനു കോടികളുടെ നഷ്ടം വരുത്തിയ ‘ലാവ്‌ലിന്‍’ ഇടപാട് സംബന്ധിച്ച കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് ഇത് അന്വേഷിച്ച സി.ബി.ഐയോ കേസ് പരിഗണിച്ച കോടതിയോ ഇതുവരെ ഉത്തരവിട്ടിട്ടില്ല. എന്നാല്‍ ഇത്തരമൊരു കേസേ ഇല്ലെന്നും പിണറായി വിജയന്‍ കേസിലെ പ്രതിയേ അല്ലെന്നും സി.പി.എം തീരുമാനിച്ചിരിക്കുന്നു. ‘ലാവ്‌ലിന്‍’ എന്ന വാക്ക് ഇനിയാരും മിണ്ടിപോകരുത് എന്നാണ് സി.പി.എം ഉത്തരവിട്ടിരിക്കുന്നത്. സി.പി.എം എന്നു പറഞ്ഞാല്‍ പിണറായി വിജയന്‍. ‘ഞാനാണ് രാഷ്ട്രം’ എന്നു ലൂയി പതിനാലാമന്‍ വിശ്വസിച്ചിരുന്നതുപോലെ ഞാനാണ് പാര്‍ട്ടി എന്ന് പിണറായി വിജയനും വിശ്വസിക്കുന്നു. നട്ടുച്ചക്ക് ഇത് അര്‍ധരാത്രിയാണെന്നും പിണറായി വിജയന്‍ (അതായത് പാര്‍ട്ടി) പ്രഖ്യാപിച്ചാല്‍ അത് അണികള്‍ വിശ്വസിക്കണം. അതിനു തയ്യാറല്ലാത്തവര്‍ക്കു പാര്‍ട്ടിക്കു പുറത്തുപോകാം'(ഇതേ പുസ്തകം: പേജ് 168).

അവിടെനിന്നും കാലം കടന്നുപോയി. ആ പിണറായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. ചരിത്രത്തില്‍ ഒരു മന്ത്രിസഭയിലും ഇല്ലാത്തവിധം അധികാരത്തിന്റെ അകത്തളങ്ങളില്‍ നിശബ്ദത തളംകെട്ടി. വയോധികനായ വി.എസ് അച്യുതാനന്ദന്‍ കയറിവരുമ്പോള്‍ വേദി ഒന്നടങ്കം എഴുന്നേറ്റുനിന്നാലും ഇരിപ്പിടത്തിലൊന്നു ഇളകിയിരിക്കുകപോലും ചെയ്യേണ്ടതില്ലാത്ത പിണറായിയുടെ സ്വാതന്ത്ര്യം പിന്നെയാര്‍ക്കും കിട്ടിയിട്ടില്ല. അവസാനത്തെ സി.പി.എം മുഖ്യമന്ത്രി കടന്നുപോകുന്നതുവരെ വേദിയിലും വഴിയിലും ആബാലവൃദ്ധം പാര്‍ട്ടിക്കാര്‍, പാര്‍ട്ടി നേതാക്കള്‍ നില്‍പ് സമരംപോലെ നിന്നനിലയില്‍ തുടര്‍ന്നു. പാര്‍ട്ടിയില്‍ എല്ലായിടത്തും ഒരു സൈനിക അച്ചടക്കം കൈവന്നു.

സ്വന്തം സമ്മതിദായകര്‍ക്കുമുന്നില്‍വെച്ച് മുഖ്യമന്ത്രിയെ ഷാളണിയിക്കാനുള്ള യോഗ്യതപോലുമില്ലാത്തവരായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍പോലും. മുന്നണിയിലും പാര്‍ട്ടിയിലും അപസ്വരങ്ങള്‍ പുറത്തേക്കുവരാന്‍ ഭയന്നു. ഉള്ളതില്‍ ഭേദപ്പെട്ട മന്ത്രിമാരായിട്ടുപോലും തോമസ് ഐസക്കിനും ജി. സുധാകരനും ഇ.പി ജയരാജനും ഇത്തവണ ‘തുടര്‍മത്സരം’ വേണ്ടിവന്നില്ല. കോടിയേരി ബാലകൃഷ്ണനില്‍നിന്നു കൊടി വാങ്ങിവെച്ചു. പി. ജയരാജനെയും എം.എ ബേബിയെയും ആനത്തലവട്ടം ആനന്ദനെയുമെല്ലാം ചിലപ്പോള്‍ ചാനലുകളില്‍ കണ്ടാലായി.

പാര്‍ട്ടിയിലെ അച്ചടക്കം വാര്‍ത്താസമ്മേളനത്തിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ബന്ധമാക്കി. അപ്രിയമായതു ചോദിക്കുമ്പോള്‍ ‘കടക്ക് പുറത്ത്’ എന്ന് മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി കല്‍പിച്ചു. അധികാരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങളുപേക്ഷിച്ച മുഖ്യമന്ത്രി, കോവിഡ് മഹാമാരിക്കാലത്ത് ഒരു ആരോഗ്യവകുപ്പുദ്യോഗസ്ഥന്‍ പുറത്തിറക്കേണ്ട കേവലം വാര്‍ത്താകുറിപ്പ് വായിക്കാന്‍ സന്ധ്യാ പത്രസമ്മേളനം ദിനചര്യയാക്കി. അവിടെയും തനിക്കിഷ്ടമുള്ളതേ ചോദിക്കാവൂ എന്ന നിബന്ധന വന്നു. ഇരുവശത്തും രണ്ടു മന്ത്രിമാരെ മൂക്കും വായും കെട്ടി ഇരുത്തിയതല്ലാതെ ഒരക്ഷരം ഉരിയാടാന്‍ അനുവദിച്ചില്ല. കുപ്രസിദ്ധമായ സ്വര്‍ണക്കടത്ത് അഴിമതിയാരോപണങ്ങളില്‍മുങ്ങിയ സ്വന്തം സെക്രട്ടറിക്കും സ്പീക്കര്‍ക്കും ഇനിയും പാര്‍ട്ടിക്കാരനായിട്ടില്ലാത്ത മന്ത്രിക്കും കിട്ടിയ സംരക്ഷണം പക്ഷേ, അത്രയും ഗൗരവമില്ലാത്ത ആരോപണങ്ങളില്‍പെട്ട പാര്‍ട്ടി നേതാക്കളായ മന്ത്രിമാര്‍ക്കു ലഭിച്ചില്ല.

ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നു ഇ.പി ജയരാജന്‍ പറഞ്ഞത് അവഗണനയില്‍ മനംനൊന്താണ്. പിണറായിയെക്കാള്‍ അഞ്ചു വയസ്സു കുറവുള്ള, പാര്‍ട്ടിക്കുവേണ്ടി കഴുത്തില്‍ വെടിയുണ്ട ഏറ്റുവാങ്ങിയവനെന്ന് സി.പി.എമ്മുകാര്‍ വാഴ്ത്തിപ്പാടുന്ന ഇ.പി ജയരാജനു പക്ഷേ അതിനൊത്ത നീതി കിട്ടിയില്ല. എന്നാല്‍ തഴയപ്പെട്ടതിന്റെ നാണക്കേട് മറക്കാന്‍ ഇനി മത്സരിക്കാനില്ലെന്നു പറയാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടാലോ? അതായിരുന്നു ‘പാര്‍ട്ടി’ അഥവാ പിണറായി വിജയന്‍ അരുള്‍ചെയ്തത്: ”കമ്യൂണിസ്റ്റുകാര്‍ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ അവസാന തീരുമാനം ‘പാര്‍ട്ടി’ എടുക്കും. ആ തീരുമാനം എല്ലാവരും അനുസരിക്കുകയും ചെയ്യും. ഇതാണ് കമ്യൂണിസ്റ്റ് രീതിയെന്നു മനസ്സിലാക്കിയാല്‍മതി.” ആ താക്കീതില്‍ എല്ലാം അവസാനിച്ചു. ഇനി ഇ.പി ജയരാജന്‍ എന്ന ശബ്ദം പൊങ്ങില്ല. ഇങ്ങനെയൊരു ഏകാധിപതിയുടെ അരിയിട്ടുവാഴ്ച ഇനിയും നടത്താന്‍ അസ്സല്‍ കമ്യൂണിസ്റ്റുകാര്‍പോലും ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നിട്ടല്ലേ കേരള ജനത.

കോവിഡ് കാര്യത്തില്‍ ഒരു തീരുമാനമാകാതെ കേരളം പകച്ചുനില്‍ക്കുന്ന നേരത്ത്, ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ അധികാരത്തിന്റെ അന്തഃപുരത്തില്‍ തിരക്കിട്ടു നടത്തിയ നീക്കങ്ങളിലൊന്ന് മന്ത്രിമാരുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് മുഖ്യമന്ത്രിയുടെ അധികാരം വര്‍ധിപ്പിക്കലായിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരമേല്‍പിച്ച മന്ത്രിമാരില്‍നിന്നു പിടിച്ചെടുക്കുന്ന അധികാരങ്ങള്‍ മുഖ്യമന്ത്രിയെ കൂടാതെ വകുപ്പു സെക്രട്ടറിമാരായ ഉദ്യോഗസ്ഥര്‍ക്കും പങ്കുവെക്കാനായിരുന്നു റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി. അതിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി. മുഖ്യമന്ത്രിക്കുവേണ്ടി സമിതിയുടെ നിയന്ത്രണം പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍.

രഹസ്യമാക്കി നടത്തിയ സ്പ്രിംഗ്ലര്‍ ഇടപാടില്‍ ഘടകകക്ഷിയായ സി.പി.ഐക്കുള്ള പ്രതിഷേധം തണുപ്പിക്കാന്‍ എം.എന്‍ സ്മാരകത്തിലേക്കു മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രതിനിധിയായി അയച്ചത് ശിവശങ്കര്‍ എന്ന (തൊട്ടടുത്ത മാസം സ്വര്‍ണക്കടത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട) ഉദ്യോഗസ്ഥനെയായിരുന്നുവെന്നതിലുണ്ട് മന്ത്രിമാര്‍ക്കും ഘടകകക്ഷികള്‍ക്കുപോലും മുഖ്യമന്ത്രി കല്‍പിച്ച വില.

ഏറ്റവുമൊടുവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുയര്‍ത്തിയ വൈദ്യുതി ഇടപാട് അഴിമതിയാരോപണത്തിലും മുഖ്യന്ത്രിയും ഉദ്യോഗസ്ഥരും എന്ന കൂട്ടുകൃഷിയാണ് വെളിച്ചത്തുവന്നത്. തിരുവനന്തപുരമുള്‍പ്പെടെ രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളും വിവിധ തുറമുഖങ്ങളും അമ്പത് വര്‍ഷത്തേക്കു കൈപ്പിടിയിലാക്കിയ കുത്തകയാണ് അദാനി ഗ്രൂപ്പ്. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റ് നാലു ദിവസം വൈകിയാല്‍ പട്ടിണി മരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ കേരളത്തിലാണ് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ഭരണം ഏറ്റവും വലിയ മുതലാളിക്ക് ആയിരം കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ നാടിനെ തീറെഴുതിയത്. അദാനിയുമായി കരാറില്ലെന്ന് വകുപ്പ് മന്ത്രി പറയുന്നുവെങ്കില്‍ അതിനര്‍ത്ഥം എല്ലാം ‘മുഖ്യമന്ത്രി’ എന്നു തന്നെയല്ലേ?

ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിനുമാത്രം പരിചിതമായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കേരളത്തില്‍ പരമ്പരയായി അരങ്ങേറിയത് പിണറായി വിജയന്‍ എന്ന ആഭ്യന്തര മന്ത്രിയുടെ വാഴ്ചയിലാണ്. മാവോയിസ്റ്റ് വേട്ടയുടെ പേരിലാണെങ്കിലും നാലു സംഭവങ്ങളിലായി ഏഴു പേരാണ് കേരള മണ്ണില്‍ ഭരണകൂടത്തിന്റെ ആധുനിക പ്രതിക്രിയയായ ഏറ്റുമുട്ടല്‍ കൊലയ്ക്കിരയായത്. അതേ വകുപ്പിന്റെ കെടുകാര്യസ്ഥത വെളിപ്പെടുത്തി, കേരള പൊലീസിന്റെ 25 റൈഫിളുകളും 12061 വെടിയുണ്ടകളും കാണാനില്ലെന്ന ഗുരുതര ആരോപണവുമായി സി.എ.ജി പത്രസമ്മേളനം നടത്തുമ്പോഴും പിണറായി തന്നെ പൊലീസ് മേധാവി. പൊലീസ് ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി വകമാറ്റിയതുള്‍പ്പെടെ ക്രമക്കേടുകളുടെ പൂരമായിരുന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പേരെടുത്ത് പറഞ്ഞ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ വാര്‍ത്താസമ്മേളനം.

പാവപ്പെട്ടവര്‍ക്കു വീടു നല്‍കാനുള്ള ലൈഫ് ഭവന പദ്ധതിയിലെ അഴിമതിയും പിന്‍വാതില്‍ നിയമനവും സര്‍വകലാശാലകളിലെ വഴിവിട്ട മാര്‍ക്കുദാനവും പി.എസ്.സി റാങ്ക്‌ലിസ്റ്റിലെ നഗ്‌നമായ അട്ടിമറികളും വാളയാറിലെതുള്‍പ്പെട പിഞ്ചുബാലികമാരെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയവരെപോലും പാര്‍ട്ടി പരിഗണനയില്‍ രക്ഷപ്പെടുത്തുന്നതും കേരളം ലജ്ജയോടെ, വേദനയോടെ കണ്ടു. കേരളത്തിന്റെ തീരദേശ ജനതയെയും നാടിന്റെ സമ്പദ്ഘടനയെയും തകര്‍ക്കുംവിധം ഇ.എം.സി.സിയുമായി നടത്തിയ ആഴക്കടല്‍ മത്സ്യബന്ധന കരാറും ബ്രൂവറിയും സ്പ്രിംഗ്ലറും പമ്പ മണല്‍ക്കടത്തും സഹകരണബാങ്കുകളിലെ കോര്‍ ബാങ്കിങ് സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കല്‍ കരാറുമെല്ലാം ചട്ടം ലംഘിച്ചും കോടികളുടെ സ്വകാര്യ ധനസമാഹരണം ലക്ഷ്യമാക്കിയുമായിരുന്നു. ഏകാധിപതിയെ തിരുത്താന്‍ മന്ത്രിസഭയിലും ഭരണമുന്നണിയിലും ആര്‍ക്കും ധൈര്യമില്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളെ തുടര്‍ന്നുള്ള ജനരോഷം ഭയന്ന് സര്‍ക്കാരിനു കരാറുകള്‍ റദ്ദാക്കേണ്ടിവന്നു. സിംസ് പദ്ധതിയും ഇ-മൊബിലിറ്റി പദ്ധതിയുമെല്ലാം ഇവ്വിധം പിന്മാറേണ്ടിവന്ന കച്ചവടങ്ങളാണ്. ഏതുസമയവും കുരുക്കുമുറുക്കാനിരിക്കുന്ന സി.ബി.ഐയെ ഭയന്നു ജീവിക്കുന്ന മുഖ്യമന്ത്രിക്ക് ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതാനുസരണം സംസ്ഥാനം ഭരിക്കേണ്ടിവന്നു.

ഇതിന് ഇടനിലക്കാരായി നില്‍ക്കുന്ന അദാനിക്ക് കേരളത്തിന്റെ സമ്പത്തും ശ്രീഎം പോലുള്ള സംഘ്പരിവാര്‍ ആത്മീയ വേഷങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ഭൂമിയും വാരിക്കോരി കൊടുത്തു. സ്വര്‍ണക്കടത്തിലും കിഫ്ബി കമ്മീഷന്‍ തട്ടിപ്പിലുമെല്ലാം മുഖം നഷ്ടപ്പെട്ട ഭരണത്തില്‍ വിദ്യാഭ്യാസ യോഗ്യത നോക്കാതെ ആര്‍ക്കുമാരെയും ഏത് ഉന്നത തസ്തികയിലും ലക്ഷങ്ങളുടെ ശമ്പളത്തില്‍ നിയമിക്കാമെന്നായി. പ്രളയഫണ്ടിലും തട്ടിപ്പ് നടത്തിയവര്‍ കോവിഡ് കാലത്ത് ജനങ്ങള്‍ക്കു നല്‍കിയ ഭക്ഷ്യകിറ്റില്‍പോലും കോടികള്‍ വെട്ടിച്ചു. പെന്‍ഷനുകള്‍ വെട്ടിക്കുറച്ചു. ആരോഗ്യരംഗം തകര്‍ന്നു. വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയെ എക്കാലവും താങ്ങിനിര്‍ത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ പാടെ തഴഞ്ഞു.

കോവിഡ് കാലത്ത് വിദേശങ്ങളില്‍ മരണത്തെ മുഖാമുഖം കണ്ട പ്രവാസികള്‍ക്ക് സാന്ത്വനം പകരുകയോ നാട്ടിലെത്തിക്കുകയോ ചെയ്യുന്നതിനുപകരം അവരെ മരണത്തിന്റെ കച്ചവടക്കാരായി പരിഹസിച്ചു. സ്വന്തം വീട്ടുമുറ്റത്തുപോലും പ്രവാസികളെ തടയാനും ഭീഷണിപ്പെടുത്താനും ഭരണ കക്ഷിക്കാര്‍ മുന്നിട്ടിറങ്ങി. നാട്ടിലെത്തുന്ന പ്രവാസികളോട് ക്വാറന്റയിന്‍ മുതല്‍ സര്‍വകാര്യങ്ങളും സ്വന്തം ചെലവില്‍ നടത്താന്‍ കല്‍പിച്ചു.

വിശ്വാസികളുടെ പരമ്പരാഗതമായ ആചാരങ്ങളെ വെല്ലുവിളിച്ച് പൊലീസ് നടപടികളുണ്ടായി. ശബരിമല സന്നിധാനം യുദ്ധക്കളമാക്കി. ന്യൂനപക്ഷങ്ങള്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ പൊലീസിനാലും സംഘ്പരിവാറിനാലും വേട്ടയാടപ്പെട്ടു. ഒരേ കുറ്റത്തിന് രണ്ടുതരം ശിക്ഷയും നിയമപാലനവുമുണ്ടായി. മതസ്പര്‍ദ്ധയുളവാക്കിയ പ്രസംഗത്തിന്റെ പേരില്‍ ശംസുദ്ദീന്‍ പാലത്തിനു ജയിലാണെങ്കില്‍ ശശികല ടീച്ചര്‍ക്ക് സ്വസ്ഥം ഗൃഹഭരണം നല്‍കി അനുഗ്രഹിച്ചു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ സംഘ്പരിവാരത്തിന്റെ ‘ഹിന്ദുത്വ രാഷ്ട്രം’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയപ്പോള്‍ പ്രതിഷേധിക്കുന്ന ഇന്ത്യയുടെ ഇന്ധനമായി കേരളം നിലകൊണ്ടു. ആബാലവൃദ്ധം തെരുവിലിറങ്ങി. പലായനത്തിന്റെ ആശങ്കകള്‍ വന്നുമൂടിയ ആ മനുഷ്യരെ യോഗി ആദിത്യനാഥിന്റെ പൊലീസിനെപോലെ കൈകാര്യം ചെയ്തു പിണറായിയുടെ സര്‍ക്കാര്‍. മതനേതാക്കളും സാംസ്‌കാരിക, സാമൂഹിക, പൊതുപ്രവര്‍ത്തകരും ന്യൂനപക്ഷ പ്രസ്ഥാന നേതാക്കളുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ 518 കേസുകള്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തു.

സംവരണത്തെ വര്‍ഗീയവത്കരിച്ച് പിന്നാക്ക സമുദായ സംവരണ വ്യവസ്ഥ തന്നെ അട്ടിമറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവികള്‍ മറികടന്ന് മുന്നാക്ക സംവരണം നടപ്പാക്കി. സംസ്ഥാനത്തെ അനാഥശാലകളുടെ പ്രവര്‍ത്തനം എന്നെന്നേക്കുമായി തടയുന്ന ഉത്തരവുകള്‍ നടപ്പാക്കി. വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച പൊതുമേഖലയെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെയും സാരമായി ബാധിച്ചു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന പഠനസംവിധാനത്തിനു സൗകര്യമില്ലാതെ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനംപോലും നിഷേധിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അയല്‍വീട്ടിലാണ്. ദലിത് വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍ നീതി നിഷേധിക്കപ്പെട്ട് തെരുവിലലഞ്ഞു. ‘ജാതിരഹിത കേരളം’ മുദ്രാവാക്യമാക്കിയവരുടെ സര്‍ക്കാര്‍ വര്‍ണവിവേചനം അക്ഷരാര്‍ത്ഥത്തില്‍ കാണിച്ചു.

ആസ്പത്രി അധികൃതര്‍ തട്ടിക്കളിച്ച് യഥാസമയം ചികിത്സ നിഷേധിക്കപ്പെട്ട് മരണത്തിനു കീഴടങ്ങിയ പിഞ്ചു പൈതങ്ങളുടെ മൃതദേഹവുമായി നടന്നുനീങ്ങുന്ന മാതാപിതാക്കളെ കേരളം കണ്ടു. സര്‍ക്കാരിനെതിരെ നെറികെട്ട അഴിമതികളുടെയും കെടുകാര്യസ്ഥതയുടെയും ആരോപണങ്ങളുയര്‍ന്നപ്പോള്‍ ‘വ്യാജ വാര്‍ത്താ നിയന്ത്രണങ്ങള്‍’ എന്ന ചെല്ലപ്പേരില്‍ മാധ്യമങ്ങള്‍ക്കു മൂക്കുകയറിടാന്‍ ബി.ജെ.പി സര്‍ക്കാര്‍ മാതൃകയില്‍ പിണറായി നിയമം കൊണ്ടുവന്നു. ഉപജീവനത്തിനൊരു തൊഴിലിനായി അഭ്യസ്തവിദ്യരായ യുവലക്ഷങ്ങള്‍ കേരള തെരുവുകളില്‍ മുട്ടിലിഴഞ്ഞപ്പോള്‍ മന്ത്രിബന്ധുക്കള്‍ക്കും പാര്‍ട്ടി നേതാക്കളുടെ ആശ്രിതര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിര്‍ബാധം നിയമനം നല്‍കുന്ന മേളയായിരുന്നു. മുഖ്യമന്ത്രിക്ക് ഡസന്‍ കണക്കില്‍ ഉപദേഷ്ടാക്കളെ നിയമിച്ചും, മുഖം മിനുക്കുന്ന പി.ആര്‍ വര്‍ക്കിനു പാര്‍ട്ടി ചാനലിനു കോടികള്‍ നല്‍കിയും മാധ്യമ പ്രചാരണത്തിനായി ആയിരം കോടി വിതറിയും തൊഴിലാളി വര്‍ഗപാര്‍ട്ടി ഭരണം ആഘോഷിച്ചു. ഓഖിയും പ്രളയവുമൊക്കെ പാര്‍ട്ടിക്കാര്‍ക്ക് വരുമാനമാര്‍ഗമായി. പ്രളയത്തില്‍ കേരളം മുങ്ങിതാഴ്ന്നത് ഭരണകൂട വിവരക്കേടിന്റെ ഡാം തുറന്നുവിട്ടതിനാലാണെന്ന് ജനം തിരിച്ചറിഞ്ഞു.

നേതാക്കളുടെ മക്കളും മന്ത്രി ബന്ധുക്കളും മയക്കുമരുന്ന് കച്ചവടത്തിലും കള്ളക്കടത്തിലും കൊടിപറത്തി. 38 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഈ ഭരണ നിഷ്‌ക്രിയത്വത്തിലരങ്ങേറി. പകുതിയിലേറെയും സി.പി.എമ്മുകാര്‍ എതിരാളികളെ കൊന്നൊടുക്കിയതും. അരിയില്‍ ശുക്കൂറിന്റെയും ടി.പി ചന്ദ്രശേഖറിന്റെയും വഴിയേ ശുഹൈബും ശരത്തും കൃപേഷും അങ്ങനെ സി.പി.എം കൊത്തിയരിഞ്ഞ ജീവനുകള്‍ പലത്. സി.ബി.ഐക്കെതിരെ കൊലയാളികള്‍ക്കുവേണ്ടി കേസ് വാദിക്കാന്‍ സര്‍ക്കാരിന്റെ കോടികള്‍. സംസ്ഥാനത്തിന്റെ പൊതുകടം ഒന്നരക്കോടി രൂപയില്‍നിന്നു മൂന്നരക്കോടിയാക്കിയുയര്‍ത്തി ധൂര്‍ത്തും വഴികേടും കാണിച്ച ജനദ്രോഹത്തിന്റെ ഭരണം. വിലക്കയറ്റവും ദാരിദ്ര്യവും ഒപ്പം രോഗവും പ്രളയവും തളര്‍ത്തിയ ജനത. അതു മൂടിവെക്കാനാണ് നരേന്ദ്രമോദിയുടെ കേരളപ്പതിപ്പായി പിണറായി വിജയന്‍ ഏകാധിപതി ചമയുന്നത്. നരേന്ദ്രമോദി എന്ന ദൈവവും പിണറായി എന്ന ക്യാപ്റ്റനും. രാഷ്ട്രീയമായി അത്രയ്ക്ക് അധഃപതിച്ചു ഈ കക്ഷികള്‍ രണ്ടും എന്നതിനു തെളിവാണീ വ്യക്തിപൂജ.

സി.പി.എമ്മിന്റെ ഭരണപരാജയം ഉന്നയിക്കുന്നതിനുപകരം ലൗ ജിഹാദും ഗോഹത്യയും മാത്രം പറഞ്ഞ് വോട്ടു തേടുകയാണ് ബി.ജെ.പി എന്നത് ഇരുകക്ഷികളും തമ്മിലുള്ള കൂട്ടുകച്ചവടത്തിന്റെ സാക്ഷ്യപത്രമാണ്. കേരളത്തില്‍നിന്ന് ലൗ ജിഹാദ് കേസുകളൊന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് 2020 ഫെബ്രുവരി 4ന് ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി പാര്‍ലമെന്റില്‍ പ്രസ്താവിച്ചതാണ്. കേരള ഹൈക്കോടതിയും നേരത്തെ ഇത് വ്യക്തമാക്കി. എന്നിട്ടും ഇല്ലാകഥയുമായി ഊരുചുറ്റുന്ന നരേന്ദ്രമോദിയും അമിത്ഷായും ആദിത്യനാഥും പിണറായിയെ തലോടി ബി.ജെ.പിക്ക് സീറ്റ് ഉറപ്പിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും ഒരേ മുദ്രാവാക്യത്തില്‍ സന്ധിച്ചിരിക്കുന്നു. ഇരുവര്‍ക്കും വേണ്ടത് ‘കോണ്‍ഗ്രസ് മുക്ത കേരളം’. സി.പി.എം ധാരണയില്‍ ഇത്തവണ ആറേഴു സീറ്റുകള്‍, അടുത്ത തവണ കൂടുതല്‍. അതുവരെ തുടര്‍ഭരണത്തിന്റെ ആഢംബരത്തില്‍ പിണറായി പാര്‍ട്ടിയും.

അഞ്ചു വര്‍ഷംകൊണ്ടുതന്നെ കേരളത്തിന്റെ സര്‍വ പൗരാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിച്ച് സമ്പദ്ഘടനയും സാമൂഹിക ജീവിതവും തകര്‍ത്ത് കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ബ്രാഞ്ച് കമ്മിറ്റിയായി പ്രവര്‍ത്തിച്ച പിണറായി ഭരണത്തിന് ഇനിയൊരു തുടര്‍ച്ചയില്ലെന്ന് നാട് തീരുമാനിച്ചിരിക്കുന്നു. ഏകാധിപതിയുടെ അധികാരത്തുടര്‍ച്ചയില്‍ ഉന്മൂലനം ചെയ്യപ്പെടുന്നത് ഏതെല്ലാമായിരിക്കുമെന്ന് പ്രവചനാതീതമാണ്. അങ്ങനെയൊരു ദുരന്തത്തിന് പ്രബുദ്ധ കേരളം കൂട്ടുനില്‍ക്കില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് വിളംബരം ചെയ്യുന്ന ശക്തിപ്രകടനമായിരിക്കും ഈ ജനവിധി.
ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ അഭിമാനകരമായ അസ്തിത്വത്തിനായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന സംഘടിത രാഷ്ട്രീയ ശക്തിയെ സ്ഥാപിച്ച ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ വേര്‍പാടിന് 49 വര്‍ഷം തികയുന്ന ഈ ദിവസം ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതിജ്ഞാദിനമാണ്. നാട് തകര്‍ക്കുന്ന ഒരു ഭരണത്തെയും ഭാവികേരളത്തിനു ഭാരമാകുന്ന മാര്‍ക്‌സിസ്റ്റ് – ഫാസിസ്റ്റ് കൂറുകച്ചവടത്തെയും പൊറുപ്പിക്കില്ല ഈ പ്രബുദ്ധ ജനത എന്ന ദൃഢനിശ്ചയം. ഇന്ത്യന്‍ ഭരണഘടനാശില്‍പികളായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പതാകയും ഖാഇദേമില്ലത്തിന്റെ പതാകയും ഒന്നിച്ചുയര്‍ന്നുപറക്കുന്ന മണ്ണില്‍ വര്‍ഗീയ വിഭജനത്തിന്റെ കാവിയും ചുകപ്പും അധികാരമേറില്ല.

 

web desk 3: