കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തില്‍ സി.പി.എമ്മിനെ തള്ളി സി.പി.ഐ രംഗത്ത്. കീഴാറ്റൂരിലെ സമരക്കാര്‍ വികസന വിരോധികളല്ലെന്ന് സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ് പറഞ്ഞു. സമരത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടിയും നിലവാരമില്ലാത്ത കവിതയെഴുതുന്ന മന്ത്രിമാരുമെല്ലാം സമരത്തെ എതിര്‍ക്കുന്ന രീതി ശരിയല്ലെന്നും പി.സന്തോഷ് കുമാര്‍ പറഞ്ഞു.

കീഴാറ്റൂരിലെ സമരക്കാര്‍ക്കുള്ള പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ച സി.പി.ഐ ഒരു ജനതയുടെ പ്രതിരോധമാണ് സമരമെന്നും വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തം സമരത്തെ എതിര്‍ക്കുകയല്ല മറിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കുകയാണ്. കീഴാറ്റൂര്‍ സമരത്തെ ഭൂമി വിട്ടുകൊടുത്തവരും കൊടുക്കാത്തവരും തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെയാണ് നാട്ടുകാര്‍ വയല്‍ക്കിളികള്‍ എന്നപേരില്‍ സംഘടനയുണ്ടാക്കി സമരം ചെയ്യുന്നത്. സി.പി.എം ഈ സമരത്തിനെതിരാണ്. സമരക്കാരെ കഴിഞ്ഞ ദിവസം പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ സമരക്കാരുടെ കുടിലുകള്‍ കത്തിച്ചിരുന്നു.