X
    Categories: keralaNews

എ. പ്രദീപ്കുമാറിനെ വെട്ടാന്‍ രഞ്ജിത്തിനെ ഇറക്കിയത് റിയാസ്

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: ബോംബ് എത്ര വേണമെങ്കിലും മലപ്പുറത്തു കിട്ടുമെന്ന് ആറാന്‍ തമ്പുരാനില്‍ മോഹന്‍ലാലിനെകൊണ്ട് പറയിപ്പിച്ച് തന്റെ രാഷ്ട്രീയം വെളിപ്പെടുത്തിയ സംവിധായകന്‍ രഞ്ജിത്തിനെ വിളിച്ചുണര്‍ത്തി സീറ്റില്ലെന്ന് അറിയിച്ച് സി.പി.എം നാണംകെടുത്തി. എല്‍.ഡി.എഫിന്റെ താര പ്രചാരകമനായി കുറെ കാലമായി രംഗത്തുള്ള രഞ്ജിത്തിന്റെ വരവോടെ, ആന്റി ക്ലൈമാക്‌സിലേക്ക് നീളുന്ന സിനിമാക്കഥ പോലെ കോഴിക്കോട്ടെ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കവും.
തന്റെ രാഷ്ട്രീയഭാവിക്ക് തുരങ്കം വെക്കാന്‍ ശ്രമിച്ച എ പ്രദീപ്കുമാറിനെ വെട്ടാന്‍ സംവിധായകന്‍ രഞ്ജിത്തിനെ ഇറക്കിയ ഡി.വൈ.എഫ.്‌ഐ നേതാവും മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ മുഹമ്മദ് റിയാസ്, അപകടം മണത്ത് മലക്കം മറിഞ്ഞു. ഗ്രൂപ്പ് പോരിനിടയില്‍ കളിയറിയാതെ ആട്ടംകണ്ട രഞ്ജിത്തിന് ഒടുവില്‍ തലകുനിച്ച് പിന്‍മാറേണ്ടി വന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് നാടകീയ നീക്കങ്ങളുണ്ടായത്. രണ്ടു ദിവസം മുമ്പ് കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച സംവിധായകന്‍ രഞ്ജിത്തിനെ ജില്ലാ സെക്രട്ടറിയേറ്റ് നിഷ്‌കരുണം തള്ളി. സിറ്റിങ് എം.എല്‍.എ എ പ്രദീപ്കുമാര്‍ തന്നെ കോഴിക്കോട് മത്സരിച്ചാല്‍ മതിയെന്ന നിലയിലേക്ക് എത്താന്‍ എതിര്‍പക്ഷവും തത്കാലം നിര്‍ബന്ധിതരായി.
പി.എ മുഹമ്മദ് റിയാസും കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പിയുമാണ് രഞ്ജിത്തിനെ അവതരിപ്പിച്ചതിന് പിന്നില്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പത്രത്തിന്റെ മേധാവിയും രാജ്യസഭാ എംപിയുമായ നേതാവാണ് രഞ്ജിത്തിന് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് കരീമിനെ അറിയിച്ചത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പ്രദീപ്കുമാറിനെ വെട്ടാനുള്ള ആയുധമായി മുഹമ്മദ് റിയാസും രഞ്ജിത്തിനെ ഉപയോഗിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറിയും ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചതോടെയാണ് രഞ്ജിത്ത് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. തുടര്‍ന്ന് സി.പി.എമ്മിന്റെ സാഹിത്യ സംഘാടകനായ അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ എസ്.എസ്.എയില്‍ തട്ടിക്കൂട്ട് പരിപാടി സംഘടിപ്പിച്ച് രഞ്ജിത്തിനെ ലോഞ്ച് ചെയ്തു. നാലാം വട്ടം മത്സരിക്കാന്‍ കരുനീക്കിയ പ്രദീപ്കുമാര്‍ ക്യാമ്പ് ഞെട്ടലോടെയാണ് ഇതിനെ കണ്ടത്. അപ്പോഴേക്കും മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് രഞ്ജിത്തും മാധ്യമങ്ങളോട് പരസ്യമായി പ്രതികരിച്ചു.
എന്നാല്‍ ഈ നീക്കത്തിലെ അപകടം മണത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ത്രപൂര്‍വം നീങ്ങി. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍, രഞ്ജിത്തിന് എതിരായ നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. തന്റെ മനസാക്ഷിയും മരുമകനുമായ മുഹമ്മദ് റിയാസിന് ബേപ്പൂര്‍ സീറ്റ് ഏകദേശം ഉറപ്പിച്ചിരിക്കയാണ് പിണറായി. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ടെങ്കിലും വി.കെ.സി മമ്മദ് കോയയുടെ സിറ്റിങ് സീറ്റിലാണ് റിയാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപിനെ വെട്ടിയാല്‍ അതിന്റെ പ്രത്യാഘാതവും അടിവലിയും ബേപ്പൂരില്‍ ഉണ്ടാവുമെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി കളി മാറ്റിയത്. സുരക്ഷിതമെന്ന് കരുതിയ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ ഒരിക്കല്‍ തോറ്റ റിയാസിനെ ബേപ്പൂരില്‍ എന്തുവില നല്‍കിയും വിജയിപ്പിക്കേണ്ടത് പിണറായി വിജയന്റെ അഭിമാന പ്രശ്‌നം കൂടിയാണ്. തനിക്ക് പാര വെച്ചാല്‍ പഴയ വി.എസ് പക്ഷക്കാരനായ പ്രദീപ് കുമാര്‍ ബേപ്പൂരില്‍ തിരിച്ചുപണിയുമെന്ന് തിരിച്ചറിഞ്ഞതോടെ റിയാസും നിശബ്ദനായി. എന്നാല്‍, അവസാന നിമിഷം മാനദണ്ഡം കര്‍ശനമാക്കിയാല്‍ നാലാം വട്ടം മത്സരത്തിന് ഇറങ്ങുന്ന പ്രദീപ്കുമാറിന് മാത്രം ഇളവ് കിട്ടില്ല. ഇതിലാണ് പ്രദീപ് വിരുദ്ധ ചേരിയുടെ പ്രതീക്ഷ. മൂന്നു തവണ നോര്‍ത്തില്‍ നിന്ന് ജയിച്ച പ്രദീപ് കുമാറിന്റെ നില മണ്ഡലത്തില്‍ ഇത്തവണ സുരക്ഷിതമല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ എം.കെ രാഘവനോട് 85000 വോട്ടിന് തോറ്റ പ്രദീപ്കുമാര്‍ 4558 വോട്ടിനാണ് നോര്‍ത്തില്‍ പിറകില്‍ പോയത്. യു.ഡി.എഫിന് ശക്തനായ സ്ഥാനാര്‍ത്ഥി വരുന്നതോടെ എല്‍.ഡി. എഫിന് രക്ഷപ്പെടാനാവില്ല.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: