ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുമുമ്പ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഗുരുതര സാങ്കേതിക തകരാറ്. മധുരയില്‍ നിന്ന് 76 യാത്രക്കാരുമായി പറന്നുവന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിനുമുമ്പ് വിന്‍ഡ് ഷീല്‍ഡില്‍ പൊട്ടലുണ്ടായതായി പൈലറ്റ് ശ്രദ്ധയില്‍പ്പെടുത്തി.
ഉടന്‍തന്നെ പൈലറ്റ് ചെന്നൈ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ വിവരം അറിയിക്കുകയും അടിയന്തിര ലാന്‍ഡിങ്ങിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. രാവിലെ 11.12ഓടെ വിമാനം സുരക്ഷിതമായി ഇറങ്ങി. തുടര്‍ന്ന് വിമാനം 95-ാം ബേയിലേക്ക് മാറ്റി വിദഗ്ധര്‍ സാങ്കേതിക പരിശോധന നടത്തി.
വിന്‍ഡ് ഷീല്‍ഡ് പൊട്ടലിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, അപകടസാധ്യത വളരെ ഗുരുതരമായിരുന്നുവെന്നാണ് വിലയിരുത്തല്‍. പറക്കുന്ന സമയത്ത് ഇത്തരം തകരാര്‍ നിയന്ത്രണം നഷ്ടപ്പെടുത്താനും ദുരന്തത്തിന് കാരണമാകാനും സാധ്യതയുണ്ടെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു.
ഉത്സവ സീസണില്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍, വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിന് മന്ത്രാലയ തലത്തില്‍ നടന്ന യോഗത്തിന് പിന്നാലെയാണ് ഈ സംഭവം നടന്നത്. അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തിനു ശേഷമുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്കിടയിലൂടെയായതിനാല്‍ സംഭവം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.