തിരുവനന്തപുരം: സെന്‍കുമാറിനെതിരെ അന്വേഷിക്കാന്‍ മുഖ്യമന്ത്രി അയച്ച ഫയല്‍ വിജിലന്‍സ് മടക്കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതി പൊലീസാണ് അന്വേഷിക്കേണ്ടതെന്നു വിജിലന്‍സ്. കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് ഫയല്‍ സര്‍ക്കാരിനു മടക്കി. പരാതിയില്‍ അന്വേഷണം വേണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രിയാണു വിജിലന്‍സ് അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കിയത്.

അര്‍ധശമ്പള വ്യവസ്ഥയില്‍ അവധിയെടുത്ത സെന്‍കുമാര്‍ ചികില്‍സയുടെ വ്യാജരേഖ ഹാജരാക്കി പൂര്‍ണ ശമ്പളം നേടാന്‍ ശ്രമിച്ചെന്നതാണു പരാതി. ഈ കേസുകൂടി പൊലീസ് അന്വേഷിക്കുന്നതോടെ വിരമിച്ചശേഷം സെന്‍കുമാറിനെതിരെയുള്ള മൂന്നാമത്തെ കേസാകുമിത്. നേരത്തെ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെയും കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെതിരെയും സെന്‍കുമാറിനെതിരെ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.

മുന്‍ പൊലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ അവധിയിലായിരിക്കെ ചികില്‍സ നടത്തിയതായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എട്ടുലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം വേണമെന്നു ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നു. നളിനി നെറ്റോയുടെ ഈ ശുപാര്‍ശയില്‍ മുഖ്യമന്ത്രി അന്വേഷണത്തിനു നിര്‍ദ്ദേശിച്ചു ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു കൈമാറി.

വിജിലന്‍സ് പ്രത്യേക യൂണിറ്റ് എസ്പി ബി. അശോകിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി എസ്പി ബി. അശോകന്‍ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു കൈമാറി. പൊലീസ് പ്രത്യേക അന്വേഷണ വിഭാഗത്തിനു കേസ് വിടണമെന്നു കുറിച്ചു ഫയല്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനു നല്‍കി.