ന്യൂഡല്‍ഹി: ബാങ്ക് എക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമവിധി വരുന്നത് വരെയാണ് സമയപരിധി നീട്ടിയത്.

അതേസമയം സബ്‌സിഡി, മറ്റ് സേവനങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 31 തന്നെയായിരിക്കും. ആധാര്‍ തത്കാല്‍ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതിയും നീട്ടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.