പൂനെ: ശിവസേന നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരണകക്ഷി എംഎല്‍എയായ ശിവാജി കാര്‍ദില്‍ ആണ് അറസ്റ്റിലായത്. ശിവസേന നേതാക്കളായ സഞ്ജയ് കോത്കര്‍, വസന്ത് ദുബെ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എംഎല്‍എയുട മണ്ഡലമായ അഹമദ്‌നാഗറിലെ രാഹുരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ എംഎല്‍എയുടെ പങ്ക് വെളിപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.
എംഎല്‍എ ഉള്‍പ്പെടെ 53 പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍, സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് എംഎല്‍എ വ്യക്തമാക്കി. ചിലര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണ്. ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം അറസ്റ്റിന് മുന്‍പ് വ്യക്തമാക്കി. രണ്ട് ദിവസങ്ങള്‍ക്കുള്ളിലെ രണ്ടാമത്തെ അറസ്റ്റാണിത്. കഴിഞ്ഞ ദിവസം എംഎല്‍എയുടെ മരുമകന്‍ സന്‍ഗ്രാം ജഗതാപ് ഇതേ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.