X

ഭാര്യയുടെ പരാതി : മുഹമ്മദ് ഷമിയുടെ ക്രിക്കറ്റ് ഭാവി അനിശ്ചിത്വത്തില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാവി അനിശ്ചിതത്വത്തില്‍. ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ പുതിയ കരാര്‍ പട്ടികയില്‍ ഫാസ്റ്റ് ബൗളറായ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെ ഐ.പി.എല്‍ ടീമും ഷമിയുമായുള്ള കരാര്‍ റദ്ദാക്കാനുള്ള ഒരുക്കത്തിലാണെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയ കേസിലാണ് ഭാര്യയുടെ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് ഷമിക്കെതിരെ കേസെടുത്തത്. വാതുവെപ്പുകാരുമായും മറ്റു സ്ത്രീകളുമായി അതിരുവിട്ട ബന്ധമുണ്ട് തുടങ്ങിയ ഗുരുതകമായ ആരോപണങ്ങളുമായാണ് താരത്തിനെതിരെ ഭാര്യ രംഗത്തെത്തിയത്.

തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) ഏറ്റവും പുതിയ വേതന കരാറില്‍നിന്ന് ഷമിയെ പുറത്താക്കുകയായിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഷമി തെറ്റുകാരനല്ലെന്നു കണ്ടെത്തിയാല്‍ അദ്ദേഹത്തെ കരാറില്‍ ഉള്‍പ്പെടുത്തുമെന്ന് ബിസിസിഐ അറിയിച്ചു.

ഐ.പി.എല്‍ താരലേലത്തില്‍ ഡെല്‍ഹി ഡയര്‍ഡെവിള്‍സാണ് മുഹമ്മദ് ഷെമിയെ സ്വന്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ പ്രശ്‌നങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് ക്ലബ് അധികൃതര്‍. ബിസിസിഐയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം താരവുമായുള്ള കരാര്‍ റദ്ദാക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐ.പി.എല്‍ നഷ്ടമായാല്‍ ഷമിയുടെ ക്രിക്കറ്റ് ജീവിതത്തെ സാരമായി ബാധിക്കും. പുതിയ കരാറില്‍ നല്‍കിയില്ലെങ്കിലും ഷമിക്ക് കളി തുടരുന്നതില്‍ ഇതുവരെ വിലക്ക് ഒന്നും ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടില്ല.

chandrika: