X

മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് നായിഡു; എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു രംഗത്ത്. നോട്ടു അസാധുവാക്കലിന്റെ പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കാനാകുന്നില്ലെന്ന നായിഡുവിന്റെ പ്രഖ്യാപനമാണ് എന്‍ഡിഎയില്‍ പുതിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നത്. അസാധു പ്രഖ്യാപനത്തെ അനുകൂലിച്ചിരുന്ന ഏക എന്‍ഡിഎ സഖ്യകക്ഷിയായിരുന്നു തെലുങ്ക് ദേശം പാര്‍ട്ടി.
സഖ്യകക്ഷികളില്‍ ശിവസേനയും അകാലിദളും നേരത്തെ തന്നെ കറന്‍സി അസാധുവാക്കലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നായിഡു കൂടി മലക്കംമറിഞ്ഞതോടെ ബിജെപി നേതൃത്വത്തിന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. മോദി ആവശ്യപ്പെട്ട അമ്പതു ദിവസ കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 30 നു ശേഷം സഖ്യകക്ഷികള്‍ പരസ്യവിമര്‍ശനത്തിനൊരുങ്ങിയാല്‍ മുന്നണിയുടെ നിലനില്‍പ്പ് അവതാളത്തിലാകുമെന്നാണ് ബിജെപിയുടെ ഭയം.
വിജയവാഡയില്‍ ചേര്‍ന്ന ടിഡിപി എംപിമാരുടെ യോഗത്തിലാണ് ചന്ദ്രബാബു നായിഡു സ്ഥിതി കൈവിട്ടു പോകുന്നതായി തുറന്നടിച്ചത്.
‘നോട്ട് അസാധുവാക്കല്‍ ഞങ്ങളുടെ ആഗ്രഹമായിരുന്നില്ല. എങ്കിലും അത് നടന്നു. കറന്‍സി പിന്മാറ്റം നടന്ന് 40 ദിവസം പിന്നിട്ടിട്ടും പ്രശ്‌നങ്ങളൊന്നും ഇതുവരെ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. പ്രശ്‌നം ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ നിയോഗിച്ച വ്യക്തികള്‍ അത് മറികടക്കുന്നതില്‍ നിന്ന് പരാജയപ്പെട്ടിരിക്കുകയാണ്. ആര്‍ബിഐയും നിഷ്‌ക്രിയമാണ്. സ്ഥിതി വിലയിരുത്തുന്നതിനും സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ക്ക് അയവുവരുത്തുന്നതിനും ദിവസവും രണ്ടു മണിക്കൂറോളം ഞാന്‍ ചെലവഴിക്കുന്നുണ്ട്. എങ്കിലും ശാശ്വതമായ ഒരു പരിഹാരം കാണാനാവുന്നില്ല’-നായിഡു പറഞ്ഞു.


അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലും ഉത്തര്‍പ്രദേശിലും നോട്ട് പ്രതിസന്ധി പ്രതികൂലമാകുമെന്ന ആശങ്കയിലാണ് ബിജെപിയും സഖ്യകക്ഷികളും. കറന്‍സി പ്രതിസന്ധിയെത്തുടര്‍ന്ന് രൂക്ഷമായ തൊഴിലില്ലായ്മ പ്രതിപക്ഷം ആയുധമാക്കിയേക്കുമെന്നാണ് വിവരം.

chandrika: